സംസ്ഥാന നേതൃത്വം ഇടപെട്ടു; വെള്ളമുണ്ട ലീഗിൽ മഞ്ഞുരുക്കം
text_fieldsവെള്ളമുണ്ട: വർഷങ്ങളുടെ വിഭാഗീയതക്ക് അറുതി വരുത്തി വെള്ളമുണ്ട മുസ്ലിം ലീഗിന് പുതിയ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
സംസ്ഥാന വൈസ് പ്രസിഡൻറുമാരായ അബ്ദുറഹ്മാൻ കല്ലായി, ബാവ ഹാജി എന്നിവർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇരുവിഭാഗത്തെയും ഉൾപ്പെടുത്തി പുതിയ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചത്. പി.കെ. അമീൻ പ്രസിഡൻറും കെ.സി. സലിം സെക്രട്ടറിയുമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
പാർട്ടിക്കകത്തെ ഇരു വിഭാഗങ്ങൾ തമ്മിൽ വർഷങ്ങളായി തുടരുന്ന ഗ്രൂപ് വഴക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണം അടക്കം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിച്ചിരുന്നു. പഞ്ചായത്ത് ആസ്ഥാനമായ എട്ടേനാലിൽ ശാഖ കമ്മിറ്റി താളം തെറ്റിയ നിലയിലായിരുന്നു. വിമതപക്ഷത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റിയെ ജില്ല കമ്മിറ്റി അംഗീകരിക്കാത്തതായിരുന്നു പ്രവർത്തകർ നിഷ്ക്രിയമാകാൻ കാരണം. നിലവിൽ ഈ പക്ഷത്തെ കൂടി ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നൽകിയത്.
വടക്കെ വയനാട്ടിൽ യു.ഡി.എഫിന്റെ ഉരുക്കു കോട്ടയായിരുന്നു വെള്ളമുണ്ട. ലീഗിലെ നിഷ്ക്രിയത്വം തെരഞ്ഞെടുപ്പു പ്രവർത്തനത്തെയടക്കം സാരമായി ബാധിച്ചിരുന്നു. ജില്ല -സംസ്ഥാന നേതാക്കൾ ഇടപെട്ട് മുമ്പ് നടത്തിയ ഐക്യശ്രമങ്ങൾ പാളിയതാണ് വിഭാഗീയത തുടരാൻ ഇടയാക്കിയത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണകാലത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത തർക്കം ശക്തമായ ഗ്രൂപ് വഴക്കിന് ഇടയാക്കിയിരുന്നു. ലീഗിൽനിന്നും വേറിട്ട പി. മുഹമ്മദ് പക്ഷം സി.പി.എമ്മിന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരണമടക്കം പിടിച്ചെടുത്ത അനുഭവവും ഉണ്ടായി.
തുടർന്നു വന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും യു.ഡി.എഫിനും കടുത്ത പരാജയം പ്രദേശത്ത് ഉണ്ടാക്കാനും ഗ്രൂപ് വഴക്ക് ഇടയാക്കി.മണ്ഡലം - ജില്ല - സംസ്ഥാന നേതാക്കൾ നിരന്തരമായി ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനായില്ല. കഴിഞ്ഞ പാർട്ടി മെമ്പർഷിപ് കാമ്പയിൻ തുടങ്ങിയ സമയം സംസ്ഥാന കമ്മിറ്റിയും പാണക്കാട് തങ്ങളും എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിട്ട് പോയവർക്കും പുറത്താക്കിയവർക്കും മെമ്പർഷിപ് നൽകി തിരിച്ചെടുക്കാനും ഒന്നിച്ചു പോകാനും ധാരണയായെങ്കിലും വിഭാഗീയത അവസാനിച്ചില്ല.
പരസ്യമായ ഗ്രൂപ് പ്രവർത്തനങ്ങൾ വീണ്ടും സജീവമായതോടെ ലീഗിന്റെ 70ാം വാർഷികമടക്കം നടത്താനും കഴിഞ്ഞില്ല. എട്ടേ നാൽ ശാഖ കമ്മിറ്റിയെ വർഷങ്ങളായി ജില്ല നേതൃത്വം അംഗീകരിക്കാത്തതും തിരിച്ചടിയായി. ഔദ്യോഗിക വിഭാഗത്തിന്റെ കമ്മിറ്റി പ്രവർത്തിക്കുമ്പോഴും അണികൾ ഭൂരിപക്ഷവും മറുപക്ഷത്തായതിനാൽ പ്രതിസന്ധി നേരിടുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്തും വിഭാഗീയ പ്രവർത്തനങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാത്ത നേതൃത്വത്തിനെതിരെയും പാർട്ടിക്കകത്ത് അമർഷം ഉയർന്നു.
കാലങ്ങളായി നിലനിന്ന പ്രശ്നങ്ങൾക്ക് ഒടുക്കം മഞ്ഞുരുക്കം ഉണ്ടായതോടെ പ്രദേശത്തെ ലീഗ് അണികളും ആവേശത്തിലാണ്. 'പി. മുഹമ്മദും ടി. നാസറും ഉൾപ്പെട്ട പഞ്ചായത്ത് കമ്മിറ്റിക്ക് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയും. വിഭാഗീയതകൾ അവസാനിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്നും പ്രസിഡൻറ് പി.കെ. അമീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.