നീർച്ചോലകൾ വറ്റിത്തുടങ്ങി: വന്യമൃഗങ്ങൾ കുടിവെള്ളത്തിനായി കാടിറങ്ങുന്നു
text_fieldsവെള്ളമുണ്ട: മലഞ്ചെരുവിലെ നീർച്ചോലകളിൽ ഉറവ വറ്റിതുടങ്ങിയതോട വനാശ്രിത ഗ്രാമങ്ങൾ വന്യമൃഗ പേടിയിൽ. കുടിവെള്ളത്തിനായി വന്യമൃഗങ്ങൾ വ്യാപകമായി കാടിറങ്ങുന്നതാണ് ഭീതിയുയർത്തുന്നത്. മലയടിവാരങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് വന്യമൃഗശല്യത്തിൽ കൂടുതൽ ദുരിതത്തിലായത്. വേനൽ കനത്തതോടെ വനത്തിനകത്തും പരിസരങ്ങളിലും നീർച്ചാലുകൾ വറ്റിയ നിലയിലാണ്.
ഇതോടെ വനത്തിനകത്തെ നീർച്ചാലുകളിൽ നിന്ന് വെള്ളം കുടിച്ചിരുന്ന ആനകൾ അടക്കമുള്ള മൃഗങ്ങൾ കുടിവെള്ളത്തിനായി നാട്ടിലെത്തുന്നത് പതിവായി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാളാരംകുന്ന്, മംഗലശ്ശേരി, പുളിഞ്ഞാൽ, ആലക്കണ്ടി, പന്തിപ്പൊയിൽ, നാരോക്കടവ്, കോറോം, നിരവിൽപുഴ, കുഞ്ഞോം തുടങ്ങി വനത്തോട് ചേർന്ന ഗ്രാമങ്ങളിലെല്ലാം അടുത്ത കാലത്തായി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
രാപ്പകൽ വ്യത്യാസ്മില്ലാതെ മലമുകളിലെ കാടുകളിൽ നിന്നും വിവിധതരം മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലെത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ ഉണ്ടായ കനത്ത കാട്ടുതീയിൽ നീർച്ചാലുകളും ഉറവകളും ഇല്ലാതായ സമയത്തും വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഹെക്ടർ കണക്കിന് അടിക്കാടുകൾ അന്ന് കത്തിനശിച്ചതാണ് ഉറവകൾ ഇല്ലാതാവാൻ കാരണം. കുടിവെള്ളം തേടിയിറങ്ങുന്ന മൃഗങ്ങൾ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. വന്യമൃഗശല്യത്തിനെതിരെ നടപടികളും ഉണ്ടാവുന്നില്ല. വേനലെത്തുന്നതോടെ വന്യമൃഗങ്ങൾക്കായി വനത്തിനകത്ത് കുടിവെള്ളത്തിന് സൗകര്യം ഒരുക്കാറുണ്ടെങ്കിലും ഇത്തവണ അതും ഉണ്ടായിട്ടില്ല.
ആദിവാസി കോളനികളിലടക്കം കാട്ടാനകൾ വ്യാപകമായി എത്തി തുടങ്ങിയിട്ടുണ്ട്. മറ്റു മാർഗങ്ങളില്ലാത്തതിനാൽ കിടപ്പാടവും കൃഷിയും വിട്ട് ബന്ധുവീടുകളിലേക്ക് പോകേണ്ട അവസ്ഥയിലാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.