സര്‍വേയര്‍മാരെ പിന്‍വലിച്ചു: അപാകത പരിഹരിക്കല്‍ മുടങ്ങി
text_fieldsവെള്ളമുണ്ട: സര്‍വേയര്‍മാരുടെ സേവനം പിന്‍വലിച്ചതോടെ നിരവധി പേരുടെ റീസര്‍വേ അപാകതകള്‍ പരിഹരിക്കുന്നത് അനിശ്ചിതത്വത്തിലായി. വെള്ളമുണ്ട വില്ലേജില്‍നിന്ന് ആറ് സര്‍വേയര്‍മാരെയാണ് പിന്‍വലിച്ചത്. അപേക്ഷ നല്‍കി കാത്തിരിക്കുന്ന നൂറുകണക്കിന് ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുന്ന പ്രവൃത്തിയാണ് ഇതോടെ മുടങ്ങിയത്.
2017ല്‍ റീസര്‍വേ പൂര്‍ത്തിയാക്കിയ വെള്ളമുണ്ട വില്ലേജില്‍ 3000ത്തിേലറെ പരാതികളാണ് ഉണ്ടായിരുന്നത്. റീസർവേക്കു ശേഷം കൈവശം വെക്കുന്ന ഭൂമിയുടെ നികുതിപോലും സ്വീകരിക്കാത്തതിനാല്‍ പ്രതിസന്ധിയിലായ ഭൂവുടമകളാണ് പരാതികളുമായി റീസര്‍വേ വിഭാഗത്തെ സമീപിച്ചത്. പരാതികള്‍ പരിഹരിക്കാനായി എട്ട് സര്‍വേയര്‍മാരെ നിയോഗിച്ചെങ്കിലും വര്‍ഷങ്ങളായിട്ടും ഭൂരിഭാഗം പരാതികളും പരിഹരിച്ചിട്ടില്ല.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസടച്ച് സ്ഥലം അളന്ന് പരാതികള്‍ പരിഹരിക്കുന്നതിന് പകരം കൈമടക്ക് കൈപ്പറ്റുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
സ്വകാര്യ മേഖലയിലെ അളവുകാർക്ക് വേതനം നല്‍കണമെന്ന് ഭൂവുടമകളെ ധരിപ്പിച്ചും പണം വാങ്ങിയിരുന്നു. ഇത്തരത്തില്‍ ഏഴായിരത്തോളം രൂപ നല്‍കിയിട്ടും ഏഴുമാസമായിട്ടും ഭൂമിയുടെ രേഖ ലഭിച്ചിട്ടില്ലെന്ന് ഓഫിസുകള്‍ കയറിയിറങ്ങുന്ന മഞ്ഞോട് ചന്തു പറഞ്ഞു. ഇവിടെനിന്ന് ബത്തേരി നെന്മേനിയിലേക്കാണ് സർേവയർമാരെ നിയോഗിച്ചത്.
നെന്മേനിയില്‍ റീസര്‍വേ പൂര്‍ത്തിയാക്കിയതാണെങ്കിലും വ്യാപക പരാതികളുണ്ട്. വീണ്ടും സര്‍വേ നടത്താനാണ് നീക്കം. ഭൂമിയുടെ നികുതിയടക്കാനാവാതെ കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സൗജന്യ സഹായങ്ങളും ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് വെള്ളമുണ്ടയിലെ നൂറുകണക്കിന് കര്‍ഷക കുടുംബങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.