തരുവണ ബസ് കാത്തിരിപ്പുകേന്ദ്രം: വിവാദം പുകയുന്നു
text_fieldsവെള്ളമുണ്ട: തരുവണ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. ടൗണിലെ ഏക ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാതാക്കാനുള്ള നീക്കാണ് ചില തൽപര കക്ഷികളുടെ പരാതിക്ക് പിന്നലെന്നും ആക്ഷേപമുണ്ട്. വെള്ളമുണ്ട, നിരവിൽപുഴ ഭാഗത്തേക്കുള്ള ബസ് യാത്രക്കാർ വെയിലും മഴയും കൊണ്ട് റോഡരികിലാണ് നിലവിൽ ബസ് കാത്തുനിൽക്കുന്നത്.
സ്ഥിരമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ ഇവിടെ സ്ഥലം ഇല്ലാത്തതിനാൽ കൽപറ്റ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കുറച്ചുകൂടി നവീകരിച്ച് ഉപകാരപ്രദമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ ഉയരുന്ന ആരോപണങ്ങൾ അനാവശ്യമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ പറഞ്ഞു.
പഴയ ബസ്കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലായി ഒമ്പത് ലക്ഷം രൂപ ചിലവില്‍ പുതിയ ബസ് കാത്തരിപ്പുകേന്ദ്രം നിര്‍മിക്കുന്നതിനെതിരെയാണ് പരാതി. പുതിയ ട്രാഫിക് പരിഷ്കരണത്തെ തുടർന്ന് ഇവിടെ കൽപറ്റ ഭാഗത്തേക്കുള്ള ബസുകളൊന്നും യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിര്‍ത്താറില്ല.
വെള്ളമുണ്ട ഭാഗത്തേക്ക് പോവേണ്ട യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഇതിനോട് ചേർന്ന് മുകളില്‍ മേൽക്കൂര കൂടി സുരക്ഷിതമാക്കി നിര്‍മിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
വെള്ളമുണ്ട പഞ്ചായത്തനുവദിച്ച ഒമ്പത് ലക്ഷം രൂപ ചെലവിലാണ് അലൂമിനിയം പൈപ്പകളുപയോഗിച്ച് പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളില്‍ പുതിയ നിര്‍മാണം നടത്തുന്നത്. ഇതിലെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചു ടൗണ്‍ മുസ് ലിം ലീഗ് കമ്മിറ്റി ജില്ല ദുരന്തനിവാരണ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ജില്ല കലക്ടര്‍ ഇത് സംബന്ധിച്ച് വിശദീകരണം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സമീപത്തെ കെട്ടിട ഉടമ ഹൈകോടതിയെ സമീപിക്കുകയും ഹരജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയ ശേഷം യാത്രക്കാര്ക്കുപകാരപ്രദമായ വിധത്തില്‍ പുതിയത് നിര്‍മിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
എന്നാൽ, പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പെട്ടെന്ന് അനുമതി ലഭിക്കാൻ ഇടയില്ലാത്തതിനാൽ പഴയത് നവീകരിച്ച് ഉപകാരപ്രദമാക്കുന്നതിനുള്ള പദ്ധതിയാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തത്. വെള്ളമുണ്ട ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ബസ് കാത്തു നിൽക്കുന്നതിന് ബസ് കാത്തിരിപ്പ് കേന്ദ്രം നിലവിലില്ല.
ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും മുകളിൽ പുതിയ മേൽക്കൂര നിർമിച്ച് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാൻ തീരുമാനിച്ചത്. പ്രവൃത്തി മുടക്കി ബസ് കാത്തിരിപ്പു കേന്ദ്രം തന്നെ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് പുതിയ വിവാദത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.