കാട്ടാനപ്പേടി: വനഭൂമികളിൽനിന്ന് ആദിവാസികളുടെ പലായനം
text_fieldsവെള്ളമുണ്ട: കാട്ടാന ആക്രമണപ്പേടി രൂക്ഷമായതോടെ വനത്തോട് ചേർന്ന ഭൂമികളിൽനിന്ന് ആദിവാസികളടക്കം കൂടുമാറുന്നു. ഒരു കാലത്ത് ഐതിഹാസിക ഭൂസമരത്തിലൂടെ നേടിയ ഭൂമികളിൽനിന്നും വനത്തോടു ചേർന്ന പ്രദേശങ്ങളിൽനിന്നുമാണ് ആളുകൾ കൂട്ടത്തോടെ വീടും സ്ഥലവും ഉപേക്ഷിച്ച് താമസം മാറുന്നത്.
പതിറ്റാണ്ടുകളോളം താമസിച്ച കൂരകളിൽ സ്വസ്ഥജീവിതം സാധ്യമല്ലാതായതാണ് വിയർപ്പൊഴുക്കി നേടിയ സമ്പാദ്യങ്ങൾ പോലും ഉപേക്ഷിച്ച് പലരെയും മലയിറങ്ങാൻ പ്രേരിപ്പിച്ചത്. ഏതാനും വർഷത്തിനിടെ പല സമരഭൂമികളിലും ആളൊഴിഞ്ഞ അവസ്ഥയാണ്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നെല്ലിക്കച്ചാൽ, പെരുങ്കുളം മലയിൽനിന്ന് ഭൂരിപക്ഷം കുടുംബങ്ങളും പടിയിറങ്ങിക്കഴിഞ്ഞു. സമീപത്തെ മലനിരകളിൽനിന്നും ആദിവാസികളടക്കം എല്ലാം ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ നിരന്തരമായ ആക്രമണങ്ങളിൽ സഹികെട്ടാണ് പലരും പൊരുതിനേടിയ ഭൂമികളിൽനിന്ന് മടങ്ങിയത്. തൊണ്ടർനാട് പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽനിന്നും സമാനമായി ആളുകൾ കൃഷിഭൂമി ഉപേക്ഷിച്ചുപോയിട്ടുണ്ട്. ഭൂസമരത്തിൽ പങ്കെടുത്ത് മിച്ചഭൂമി കൈയേറി സ്വന്തമാക്കിയ ഭൂമി പിന്നീട് സർക്കാർ പതിച്ചുനൽകുകയും ആ ഭൂമിയിൽ പണിയെടുത്ത് നല്ല കൃഷിഭൂമിയാക്കി മാറ്റുകയും ചെയ്തിരുന്നു.
ഈ ഭൂമികളാണ് കുടുംബങ്ങൾ ഉപേക്ഷിച്ചുപോകുന്നത്. വന്യമൃഗശല്യംമൂലം കുരുമുളക്, വാഴ തുടങ്ങിയ കൃഷികളുടെ വിളവെടുപ്പ് നടക്കുന്നില്ല. ഇതിൽ മനംനൊന്താണ് മറ്റു മാർഗങ്ങളൊന്നുമില്ലെങ്കിലും ഭൂമിയും കിടപ്പാടവും ഉപേക്ഷിക്കാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നത്. മലമുകളിൽനിന്ന് കുടിയൊഴിഞ്ഞ ആദിവാസി കുടുംബങ്ങൾ ബന്ധുവീടുകളിൽ പരിമിത സൗകര്യങ്ങളിൽ കഴിയുകയാണ്. വന്യമൃഗങ്ങളുടെ കാര്യമായ ആക്രമണങ്ങളൊന്നും കാലങ്ങളായി ഇല്ലാതിരുന്ന പഞ്ചായത്തിൽ പുലി, ആന ഭീതിയും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. വന്യജീവികളുടെ ആക്രമണം തുടർക്കഥയാവുമ്പോൾ ജനങ്ങളുടെ ഭീതിയകറ്റാൻ അധികൃതർ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വയനാട്ടിൽ ഇന്ന് മനഃസാക്ഷി ഹർത്താൽ
കൽപറ്റ: ഫാർമേഴ്സ് റിലീഫ് ഫോറം (എഫ്.ആർ.എഫ്) ജില്ല കമ്മിറ്റി വയനാട് ജില്ലയിൽ ചൊവ്വാഴ്ച മനഃസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഹർത്താൽ. നിർബന്ധിതമല്ലെന്നും കാർഷിക, വ്യാപാര, മോട്ടോർ തൊഴിലാളി സംഘടനകൾ ഹർത്താലിനോട് സഹകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വർധിച്ചുവരുന്ന വന്യമൃഗ ശല്യം നിരവധി ജീവനുകൾ അപകടത്തിലാക്കുന്ന സാഹചര്യത്തിൽ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണകൂടങ്ങളും അധികാരികളും പരാജയപ്പെടുകയാണെന്നും എഫ്.ആർ.എഫ് ആരോപിച്ചു. കർഷക കോൺഗ്രസും ചൊവ്വാഴ്ച വയനാട്ടിൽ ഹർത്താൽ ആചരിക്കും. വാഹനങ്ങൾ തടയില്ല. വ്യാപാര സ്ഥാപനങ്ങളും ഓഫിസും അടച്ചിട്ട് ജനം ഹർത്താലുമായി സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, ജില്ല പ്രസിഡന്റ് പി.എം. ബെന്നി എന്നിവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.