നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി
text_fieldsവെള്ളമുണ്ട: ബാണാസുരയിൽ നീരൊഴുക്ക് കൂടി ജലനിരപ്പ് 774.35 മീറ്റററിൽ എത്തിയതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. രാവിലെ 8.10ന് ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ഉച്ചക്കുശേഷം 2.30ന് ഈ ഷട്ടർ 20 സെന്റീമീറ്ററാക്കി ഉയർത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാൽ രണ്ട് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം എന്നരീതിയിൽ ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം സെക്കൻഡിൽ 17 ക്യുബിക് മീറ്റർ വെള്ളം പുഴയിലേക്ക് തുറന്നുവിടുന്നതാണ്. പുഴയിൽ 10 സെന്റിമീറ്ററിൽ താഴെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ജലനിരപ്പ് പരിഗണിച്ച് ഘട്ടംഘട്ടമായി 35 ക്യുബിക് മീറ്റർ വരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ഡാമിലെ നാല് ഷട്ടറുകളിൽ ബാക്കിയുള്ള രണ്ടെണ്ണം ആവശ്യാനുസരണം ഉയർത്തും.
റവന്യൂമന്ത്രി കെ. രാജൻ, ടി. സിദ്ദീഖ് എം.എൽ.എ, ജില്ല കലക്ടർ എ. ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10ഓടെ ഷട്ടറുകൾ തുറന്നത്. ബാണാസുര ഡാമിന് 201 മില്യൺ ക്യുബിക് മീറ്റർ പരമാവധി സംഭരണശേഷിയാണുള്ളത്. 2018ലെ മഹാപ്രളയത്തിന് ശേഷം കേന്ദ്ര ജല കമീഷൻ നിർദേശാനുസരണം നടപ്പിൽവരുത്തിയ റൂൾ ലെവൽ പ്രകാരം 181.65 മില്യൺ ക്യുബിക് മീറ്ററാണ് ആഗസ്റ്റ് 10വരെയുള്ള പരമാവധി സംഭരണശേഷി. ഇതിൽ കൂടുതൽ നീരൊഴുക്കുണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവേ ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ഒഴുക്കിവിടണമെന്നാണ് ചട്ടം.
ഇതുപ്രകാരം തിങ്കളാഴ്ച പുലർച്ചെ രണ്ടേടെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണശേഷി കവിഞ്ഞു. എന്നാൽ, രാത്രി പുഴയിലേക്ക് ജലം തുറന്നുവിടുന്നതിന് ദുരന്തനിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് രാവിലെ അധിക ജലം ഒഴുക്കിവിടാൻ തീരുമാനിച്ചത്. ഷട്ടർ തുറക്കുമ്പോൾ 774.25 മീറ്ററിലായിരുന്നു ജലനിരപ്പ്.
പുഴകളിൽ നിയന്ത്രിത അളവിലേ ജലനിരപ്പ് ഉയരൂ എന്നതിനാൽ ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ലെന്നും എന്നാൽ, മഴ ശക്തമായി തുടരുന്നതിനാൽ നല്ല ജാഗ്രതവേണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ഡാം തുറക്കുന്നതുമൂലം പൊതുജനങ്ങൾക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഷട്ടർ ഉയർത്തുന്ന വിവരം പരിസരവാസികളെയും പൊതുജനങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.
തുറന്നുവിടുന്ന അധികജലം കരമാൻതോടിലും പനമരം പുഴയിലും ഒഴുകിയെത്തി തുടർന്ന് കബനി നദിയിലും പിന്നീട് കർണാടകയിലെ കബനി റിസർവോയറിലും എത്തിച്ചേരും. ജില്ലയിൽ പനമരം പുഴയാണ് ഏറ്റവും താഴ്ന്ന അവസ്ഥയിൽ ഉള്ളത് എന്നതിനാൽ കൂടുതൽ വെള്ളം എത്തുന്നത് പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണസേനയെ പനമരത്ത് വിന്യസിച്ചതായി മന്ത്രി അറിയിച്ചു. ഇതുകൂടാതെ അധികജലം ഉൾക്കൊള്ളുന്നതിനായി കബനി ഡാം അധികൃതർ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരുദിവസം പരമാവധി 0.73 മില്യൺ ക്യുബിക് മീറ്റർ ജലമാണ് കബനി റിസർവോയറിൽ എത്തുക.
എന്നാൽ, ഏകദേശം 1.13 മീറ്റർ ജലം ഉൾക്കൊള്ളുന്നതിനുള്ള ക്രമീകരണം തിങ്കളാഴ്ച രാത്രിതന്നെ കബനി ഡാം അധികൃതർ ഒരുക്കിയിട്ടുണ്ട്. വയനാട്, മൈസൂരു ജില്ല ദുരന്തനിവാരണ അതോറിറ്റികളുടേയും ബാണാസുര, കബനി ഡാം അധികൃതരുടേയും ഏകോപനം ഇക്കാര്യത്തിൽ മികച്ചരീതിയിലാണെന്നും മന്ത്രി പറഞ്ഞു. സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എ.ഡി.എം എൻ.ഐ. ഷാജു, ഫിനാൻസ് ഓഫിസർ എ.കെ. ദിനേശൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു. ഡാം സേഫ്റ്റി എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. ബാബുരാജ്, അസി. എക്സി. എൻജിനീയർ പി. രാമചന്ദ്രൻ, അസി. എൻജിനീയർമാരായ എം. കൃഷ്ണൻ, എം.സി. ജോയ്, ആർ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.