രണ്ടരക്കോടി മുടക്കി നിർമിച്ച ശീതീകരണ ഗോഡൗൺ നശിക്കുന്നു
text_fieldsവെള്ളമുണ്ട: കർഷകപ്രശ്നം ചർച്ചയാവുമ്പോഴും രണ്ടരക്കോടി മുടക്കി നിർമിച്ച ശീതീകരണ ഗോഡൗൺ രണ്ടുവർഷമായി ഉപയോഗമില്ലാതെ നശിക്കുന്നു. ഏറെ പ്രതീക്ഷകൾ ചിറകിലേറ്റിയാണ് 2016 നവംബർ 24ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നേരിട്ടെത്തി വെജിറ്റബിൾ ആൻഡ് ബനാന പാക്ക് ഹൗസ് തുറന്നത്.
മാനന്തവാടി താലൂക്കിലെ നല്ലൂർനാട് വില്ലേജിൽ കമ്മന കുരിശിങ്കലിലാണ് കെട്ടിടം. 30 ടൺ വരെ സംഭരണശേഷിയുള്ള 40000 അടി വിസ്താരമുള്ള, പച്ചക്കറികളും പഴവർഗങ്ങളും ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഫ്രീസർ സംവിധാനത്തോടുകൂടിയാണ് ഗോഡൗൺ ഒരുക്കിയത്.
എട്ട് ടൺ ശേഷിയുള്ള ഒരുവീഫർ വാൻ ഉൾപ്പെടെ നാല് വാഹനങ്ങൾ 2,52,6197 രൂപ മുടക്കി വേറെയും വാങ്ങി. 2001ൽ തുടക്കംകുറിച്ച വി.എഫ്.പി.സി.കെയുടെ നിയന്ത്രണത്തിൽ കേന്ദ്ര-സംസ്ഥാന ഫണ്ട് വിനിയോഗിച്ചായിരുന്നു നിർമാണ പ്രവൃത്തി. 50 സെൻറ് ഭൂമി മാസം 15,000 രൂപയിലധികം തറവാടക നൽകി 15 വർഷത്തേക്ക് ലീസിന് എടുത്തിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 60 മാസം പിന്നിട്ടു. ഇനി 120 മാസങ്ങളാണ് ശേഷിക്കുന്നത്.
ചുരുക്കത്തിൽ ഭൂമി സ്വന്തമായി വാങ്ങുന്നതിന് ചെലവിടേണ്ട തുകയിൽ അധികം ഇപ്പോഴേ തറവാടകയായി നൽകി. വയനാട്ടിലെ നേന്ത്രക്കായ അണുമുക്തമാക്കി വിദേശരാജ്യങ്ങളിലേക്ക് ഉൾപ്പെടെ കയറ്റിയയക്കുന്നതിനും അതുവഴി വയനാട്ടിലെ കർഷകർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണ് സംവിധാനം തുടങ്ങിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുറഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ നിന്നും നേന്ത്രക്കായ ശേഖരിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവിടത്തെ വാഹനങ്ങൾ വരെ ഉപയോഗിച്ച് കർണാടകയിൽ നിന്നാണ് കുറേക്കാലം നേന്ത്രക്കായ വ്യാപാരം നടത്തിയിരുന്നതത്രേ. വയനാട്ടിലെ നേന്ത്രവാഴ കർഷകരെ സഹായിക്കാൻ മൂന്നുകോടി രൂപ മുടക്കി കെട്ടിപ്പൊക്കിയ ശീതീകരിച്ച ഗോഡൗണിലേക്ക് കർണാടകയിൽനിന്ന് ഉള്ളിയും പാലക്കാടുനിന്ന് ചക്കയും കൊണ്ടുവന്ന് ഇടക്കാലത്ത് സ്വകാര്യ വ്യക്തി വ്യാപാരം നടത്തിയിരുന്നു.
ഉള്ളിക്ക് വില കൂടുകയും ചക്ക സീസൺ തീരുകയും ചെയ്തതോടെ ഇതും നിലച്ചു. ഇപ്പോൾ രണ്ടു വർഷത്തോളമായി വാഹനങ്ങളും കെട്ടിടവും അതിലെ യന്ത്രസാമഗ്രികളും ഇതിലേക്കുവേണ്ടി മാത്രം സ്ഥാപിച്ച ട്രാൻസ്ഫോർമർ ഉൾപ്പെടെയും തുരുമ്പെടുത്ത് നശിക്കുകയാണ്.
വിലത്തകർച്ചകൊണ്ട് നേന്ത്രവാഴ കർഷകർ പൊറുതിമുട്ടുമ്പോഴാണ് ഇത്തരമൊരു സംവിധാനം വയനാട്ടിൽ പൂട്ടിക്കിടക്കുന്നത്. അധികൃതരുടെ അനാസ്ഥക്കെതിരെ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.