ആരുമില്ല, ഗതാഗതക്കുരുക്കഴിക്കാൻ; ജനം ദുരിതത്തിൽ
text_fieldsവെള്ളമുണ്ട: എട്ടേനാൻ ടൗണിൽ ഗതാഗതതടസ്സം പതിവാകുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതർ ആരുമില്ലാതായതോടെ യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്.
റോഡിലും റോഡരികിലും അലക്ഷ്യമായി വാഹങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം അധികൃതർ മറന്ന മട്ടാണ്. പൊലീസിന്റെ മുന്നിൽതന്നെ തോന്നുംപോലെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതും പതിവാണ്.
മൊതക്കര ഭാഗത്തേക്കുള്ള റോഡിൽ രാവിലെ മുതൽ വാഹനങ്ങൾ നിരന്നു കിടക്കുന്നത് പതിവുകാഴ്ചയാണ്. ഇത് ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമാവുന്നുണ്ട്. അയ്യായിരത്തോളം വിദ്യാർഥികൾ നടന്നുപോകുന്ന റോഡാണിത്. ബസ് നിർത്തുന്ന സ്ഥലത്ത് യാത്രക്കാർക്ക് തടസ്സമാവുന്ന തരത്തിലടക്കം വാഹനങ്ങൾ നിർത്തിയിടുന്നതും പതിവായിട്ടുണ്ട്. ഓരോ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിന് പ്രത്യേകം സ്ഥലങ്ങൾ നിർണയിച്ചിട്ടുണ്ടെങ്കിലും പാർക്കിങ് തോന്നും പടിയാണ്. നോ പാർക്കിങ് ബോർഡുകൾക്ക് താഴെയടക്കം വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഇത് പലപ്പോഴും വലിയ ഗതാഗത തടസ്സത്തിനും ഇടയാക്കുന്നു. ബാണാസുര സാഗറിലേക്കുള്ള പ്രധാന റോഡ് ആയതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.