എട്ടേനാലിലെ ട്രാഫിക് പരിഷ്കരണം; സ്കൂൾ റോഡിൽ ഗതാഗതക്കുരുക്ക്
text_fieldsവെള്ളമുണ്ട: ട്രാഫിക് പരിഷ്കരണം നടപ്പാക്കി ദിവസങ്ങൾ പിന്നിടും മുമ്പേ എട്ടേനാൽ ടൗണിലെ സ്കൂൾ റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഇടപെട്ട് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് വാഹനങ്ങൾ തോന്നുംപടി റോഡരികിൽ നിർത്തിയിടുന്നത്.
ടൗണിന് നടുവിലായി റോഡ് തുടങ്ങുന്നിടത്ത് മൊതക്കര ഭാഗത്തേക്ക് പോകുന്ന ബസും മറുവശത്ത് ഓട്ടോറിക്ഷകൾ മാത്രവും നിർത്തിയിടാനാണ് യോഗത്തിൽ തീരുമാനമായത്. എന്നാൽ, നോ പാർക്കിങ് ബോർഡുകളുടെ ചുവട്ടിലടക്കം റോഡിന്‍റെ നടപ്പാതയോട് ചേർന്ന് വലിയ വാഹനങ്ങളടക്കം സദാസമയവും നിർത്തിയിടുന്നത് പതിവായിരിക്കുകയാണ്. ഇത് വീതി കുറഞ്ഞ റോഡിൽ വലിയ ഗതാഗത തടസ്സത്തിനിടയാകുന്നുണ്ട്.
വെള്ളമുണ്ട ഹൈസ്കൂൾ, ഹയർസെക്കൻഡറി, യു.പി സ്കൂൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി 5000ത്തോളം വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡിലാണ് ഇരുഭാഗത്തും വാഹനങ്ങൾ നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമാകുന്നത്. ബസുകളും വലിയ വാഹനങ്ങളും എത്തുന്ന സമയത്ത് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട് വീർപ്പുമുട്ടുകയാണ്.
പൊലീസ് അധികൃതരെത്തുന്ന സമയത്ത് മാത്രമാണ് വാഹനങ്ങൾ ഒഴിവാക്കുന്നത്. മറ്റ് എല്ലാ സമയത്തും ഈ റോഡിൽ വലിയ തോതിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായിട്ടുണ്ട്. റോഡിന്‍റെ ഇരുഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം വിദ്യാർഥികൾ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.