1969ലെ സ്റ്റാഫ് പാറ്റേൺ; വെള്ളമുണ്ട വില്ലേജ് ഓഫിസ് പ്രവർത്തനം താളം തെറ്റുന്നു
text_fieldsവെള്ളമുണ്ട: 1969ലെ സ്റ്റാഫ് പാറ്റേണിൽ ചലിക്കുന്ന വെള്ളമുണ്ട വില്ലേജിൽ പൊതുജനത്തിന് ദുരിതം.ആവശ്യത്തിന് ജീവനക്കാരില്ലാത്ത ഓഫിസിൽ നിന്നും സമയത്ത് രേഖകൾ ലഭിക്കാതെ നട്ടം തിരിയുകയാണ് ആവശ്യക്കാർ. സമീപത്തെ തൊണ്ടർനാട്, കാത്തിരങ്ങാട് വില്ലേജ് ഓഫിസുകളെല്ലാം പൊതുജനത്തിന് സമയത്തിന് സേവനങ്ങൾ ലഭ്യമാകുമ്പോൾ വെള്ളമുണ്ട വില്ലേജ് ഓഫിസിൽ എല്ല ദിവസവും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
വില്ലേജ് ഓഫിസർക്ക് പുറമെ രണ്ട് സ്പെഷൽ വില്ലേജ് ഓഫിസർമാരും താഴെ രണ്ട് ജീവനക്കാരും മാത്രമാണ് ഇവിടെയുള്ളത്. നൂറിലധികം ആളുകൾ ദിനേനെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്താറുണ്ട്.ഓഫിസിലെത്തുന്ന അപേക്ഷകൾക്ക് പുറമെ വില്ലേജ് പരിധിയിലെ അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അപേക്ഷകൾ കൂടി എത്തുന്നതോടെ ജോലി ഭാരത്തിൽ ജീവനക്കാർ വിയർക്കുകയാണ്. ഇതോടെ സമയത്ത് രേഖകൾ ലഭിക്കാതെ നാട്ടുകാരും പ്രയാസത്തിലാകുന്നു. നേരത്തേ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടതിനാൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പുറത്തായിരുന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ഓഫിസുകളിൽ ഒന്നാണ് വെള്ളമുണ്ട വില്ലേജ്.ഭൂമിസംബന്ധമായ നിരവധി ആവശ്യങ്ങൾക്കായി നിരവധി പേർ ഈ ഓഫിസിനെയാണ് ഉപയോഗിക്കുന്നത്. ബാങ്ക് ലോണുമായി ബന്ധപ്പെട്ടതടക്കം കാര്യമായ ജോലികളൊന്നും ഇല്ലാതിരുന്നതിനാൽ 1969 കാലഘട്ടത്തിൽ നിലവിലെ ജീവനക്കാർ മതിയായിരുന്നു.
ആവശ്യങ്ങൾ കൂടിയ സമയത്ത് ഇതേ സ്റ്റാഫ് പാറ്റേൺ തന്നെ നിലനിൽക്കുന്നതാണ് ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത്. സൗകര്യപ്രദമായ ഓഫിസ് കെട്ടിടം നിർമിക്കുന്നത് വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.