ബാണാസുര മലനിരകളിെല മരം കൊള്ള: പരാതികൾ ഫയലിലുറങ്ങുന്നു
text_fieldsവെള്ളമുണ്ട: ബാണാസുര മലനിരകളിൽ കാലങ്ങളായി തുടരുന്ന മരംകൊള്ളയെ കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന പരാതികൾ ഫയലിലുറങ്ങുന്നു. പല സമയങ്ങളിലായി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നൽകിയ പരാതികളിലാണ് നടപടിയില്ലാത്തത്. മുമ്പ് സബ് കലക്ടറടക്കം ഇടപെട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അത്താണി, നാരോകടവ് ക്വാറികളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടയിലാണ് ബാണാസുര മലനിരകളിലെ റിസർവ് മരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ മാനന്തവാടി സബ് കലക്ടർ ഉത്തരവിട്ടത്.
കൃഷിയാവശ്യത്തിന് പതിച്ചുനൽകിയ തോട്ടങ്ങളിലെ റിസർവ് മരങ്ങൾ കൂട്ടത്തോടെ ഉണങ്ങുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബാണാസുര മലനിരകളോട് ചേർന്ന വിവിധ തോട്ടങ്ങളിലാണ് വീട്ടിയടക്കമുള്ള വൻമരങ്ങൾ കൂട്ടത്തോടെ ഉണങ്ങുന്നത് പതിവായത്. പട്ടയത്തിൽ രേഖപ്പെടുത്തിയ റിസർവ് മരങ്ങൾ മുറിക്കുന്നതിന്ന് പ്രത്യേകാനുമതി വാങ്ങണം എന്ന ചട്ടം മറികടക്കാൻ മരം ഉണക്കി നശിപ്പിക്കുകയാണെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
ഭൂമി, ക്വാറി മാഫിയകൾ കൈവശപ്പെടുത്തിയ സ്ഥലങ്ങളാണ് വ്യാപകമായി മറ്റ് ആവശ്യങ്ങൾക്കായി തരംമാറ്റുന്നത്. വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ അധികൃതർ ഇടപെട്ട് അടച്ചുപൂട്ടിയ വാളാരംകുന്ന് മലയിലെ ക്വാറിക്കരികിലെ മരങ്ങൾ കാണാനില്ലെന്ന് സമരസമിതി പരാതിപ്പെട്ടിരുന്നു. എന്നാൽ ക്വാറി അടച്ചുപൂട്ടിയതല്ലാതെ മറ്റ് പരാതികളെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാരോക്കടവ് പ്രദേശത്തെ ക്വാറി ഭൂമിയടക്കമുള്ളവയിലെ മരങ്ങളെകുറിച്ചും പരാതി ഉയർന്നിരുന്നു.
വെള്ളളമുണ്ട വില്ലേജിലെ കൃഷിയാവശ്യത്തിന് പട്ടയം നല്‍കിയ സര്‍വേ നമ്പര്‍ 622/ഒന്ന് എയില്‍പെട്ട തോട്ടങ്ങളിലെ നിരവധി വൻമരങ്ങൾ ഉണങ്ങി നശിച്ചു. ഇവിടെയാണ് ഭൂമി തരംമാറ്റി പാറഖനനം അടക്കമുള്ള മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നീക്കമുണ്ടായത്. പരാതിയെ തുടര്‍ന്ന് പ്രദേശത്തെ സ്വകാര്യ വ്യക്തിക്ക് ലീസിനനുവദിച്ച 249 നമ്പര്‍ സർവേയിൽപെട്ട 1.94 ഏക്കര്‍ സ്ഥലം അളന്നുതിരിക്കാനും ഈ ഭൂമിയില്‍ നേരത്തെയുണ്ടായിരുന്ന റിസര്‍വ് മരങ്ങളുടെ നിലവിലെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനും സബ് കലക്ടര്‍ അന്ന് നിർദേശം നല്‍കി. പട്ടയ സ്‌കെച്ച് ലഭ്യമല്ലെന്നും അതിനാല്‍ സബ്ഡിവിഷന്‍ ജോലികള്‍ നടത്താനാവില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്.
ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര മലനിരകളിലെ വനത്തോട് ചേർന്ന സ്വകാര്യ തോട്ടങ്ങളിലെ മരംമുറികളെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. മംഗലശ്ശേരിയിലെ സ്വകാര്യ തോട്ടത്തിൽനിന്ന് മുമ്പ് ഈട്ടി കാണാതായ കേസ് അടുത്തകാലത്തു വിവാദമായിരുന്നു. വാളാരം കുന്നിലെ വിവാദ ക്വാറിക്ക് വേണ്ടി റോഡ് വെട്ടിയതിെൻറ മറവിൽ മരം മുറിച്ചുകടത്തിയത് ഒടുവിലത്തെ സംഭവമാണ്. ഇതിനോട് ചേർന്ന ഭൂമിയിൽ ഇപ്പോഴും മരംമുറി തകൃതിയാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.