പോഷക മൂല്യമുള്ള ഭക്ഷണമില്ലാത്തതിന്, ചികിത്സിച്ച് രോഗികളാവുന്ന ആദിവാസികൾ
text_fieldsവെളളമുണ്ട: ആദിവാസി ക്ഷേമത്തിന്റെ പേരിൽ കോടികൾ ഒഴുക്കുമ്പോഴും പോഷക മൂല്യമുള്ള ഭക്ഷണമില്ലാത്തതിന് ചികിത്സിച്ച് രോഗികളാവുന്ന ആദിവാസികളുടെ എണ്ണം വർധിക്കുകയാണ്. ട്രൈബൽ വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കോടികളുടെ ഫണ്ട് ആദിവാസി മേഖലയിൽ ചെലവഴിക്കുമ്പോഴും ചികിത്സ കിട്ടാതെ കുഞ്ഞുങ്ങളടക്കം മരിക്കുന്നതും പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാതെ ആദിവാസി ജീവിതങ്ങൾ ശോഷിച്ച് പോകുന്നതും പതിവുകാഴ്ചയാണ്.
മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നും ചികിത്സ ലഭിക്കാതെ ദിവസങ്ങൾക്ക് മുമ്പു ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കാരാട്ടുകുന്ന് കോളനിയിൽതന്നെ ഇതിന്റെ ഉദാഹരണങ്ങൾ ഉണ്ട്. തൊട്ടടുത്ത വീട്ടിലെ മിനിയുടെ മകൾ 12 വയസുള്ള മീനാക്ഷി തൂക്കക്കുറവിന് ചികിത്സയിലായിരുന്നു.
തൂക്കക്കുറവിന് ഏറെക്കാലം മരുന്ന് കഴിച്ച് ഇപ്പോൾ ശ്വാസം മുട്ട് രോഗിയായി മാറിക്കഴിഞ്ഞുവെന്ന് ആദിവാസികൾ പറയുന്നു. സമീപത്തെ വീട്ടിലെ കമലയുടെ മകൻ 21 വയസ്സുള്ള ഷിബുവും വളർച്ചക്കുറവിന്റെ ഉദാഹരണമാണ്. പോഷകമൂല്യമുള്ള ഭക്ഷണവും കൃത്യമായ ചികിത്സയും ലഭിക്കാത്തതാണ് തൂക്കക്കുറവിന് ഇടയാക്കുന്നത്.
പ്രായത്തിനനുസരിച്ച് വളർച്ചയില്ലാത്ത കുഞ്ഞുങ്ങളും അമ്മമാരും ജില്ലയിലെ ഒട്ടുമിക്ക കോളനികളെല്ലാം കാണാം. കൃത്യമായ ഒരു ജീവിതമാറ്റത്തിലേക്ക് ഈ സമൂഹത്തെ എത്തിക്കാൻ ഇന്നും വിവിധ പദ്ധതികൾക്ക് കഴിഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥ മേഖലയിൽ ജോലി എടുക്കുന്നവരും ട്രൈബൽ പ്രമോട്ടർമാരും അടക്കം കൃത്യമായി കോളനിയിൽ എത്തി ഇവരുടെ ജീവിതത്തെക്കുറിച്ച് പഠനം പോലും നടത്തുന്നില്ല എന്നതാണ് യാഥാർഥ്യം. വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ നിരവധി കോളനികളിൽ പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ശോഷിച്ചുപോയ നിരവധി ജീവിതങ്ങൾ ഉണ്ട്.
മുമ്പും സമാനമായ അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. റേഷൻ അരി കൃത്യമായി ആദിവാസികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും പല വീടുകളിലും ഇന്നും സ്ഥിരം വാങ്ങുന്ന പതിവില്ല.
പുരുഷന്മാർ മദ്യപാനത്തിനടിപ്പെടുമ്പോൾ വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയിൽ നിന്നും കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് പലവീടുകളിലും സ്ത്രീകൾ കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.