ഏത് നിമിഷവും തകരും ഈ മൂന്ന് ആദിവാസി വീടുകൾ
text_fieldsവെള്ളമുണ്ട: രണ്ടു മാസം മുമ്പുണ്ടായ കനത്തമഴയിൽ വീടിന് മുകളിലേക്ക് ഇടിഞ്ഞുതാണ മണ്ണ് നീക്കം ചെയ്യാൻ നടപടിയില്ല. ഇതോടെ ഏത് നിമിഷവും തകരാൻ പാകത്തിലാണ് മൂന്ന് ആദിവാസി വീടുകൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഏഴേനാൽ എടത്തിൽ പണിയ കോളനിയിലെ മൂന്നു വീടുകളാണ് തകർച്ചയുടെ വക്കിലുള്ളത്.
കനത്ത മഴയെത്തുടർന്ന് കോളനിയിലെ ശ്രീധരന്റെ വീടിനു മുകളിലേക്ക് പിറകുവശത്തെ കുന്ന് വന്മരമടക്കം ഇടിഞ്ഞുതാഴുകയായിരുന്നു. വാർപ്പ് വീടിന്റെ മുകളിലേക്ക് പതിച്ച മണ്ണ് സാവധാനം വീടിന്റെ ഒരു വശം മൂടിയതിനാൽ ഭാഗ്യത്തിനാണ് കുടുംബം രക്ഷപ്പെട്ടത്. വലിയ തോതിൽ മണ്ണും കല്ലും ചുമരിൽ വന്നടിഞ്ഞതിനാൽ വീടിന്റെ നിലനിൽപ് അപകടത്തിലാണ്. മണ്ണിടിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോഴും ഇത് നീക്കം ചെയ്യാൻ നടപടിയായിട്ടില്ല. ശ്രീധരന്റെ വീടിന് മുകൾവശത്തുള്ള സുമതി, പാറു എന്നിവരുടെ വീടുകളും അപകടാവസ്ഥയിലാണ്. ഈ രണ്ടു വീടുകളുടെ മുറ്റമടക്കം ഇടിഞ്ഞുതാഴുകയായിരുന്നു.
സുമതിക്ക് പുതുതായി ലഭിച്ച ഫണ്ട് ഉപയോഗിച്ച് നിർമിച്ച വീടാണിത്. വീട് പൂർത്തിയായ അവസ്ഥയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. താമസം തുടങ്ങാത്ത വീട് ഇപ്പോൾ തന്നെ വാസയോഗ്യമല്ലാതായ അവസ്ഥയാണ്. മഴക്ക് ശമനമായെങ്കിലും ഇടിഞ്ഞുനിൽക്കുന്ന കുന്നിലും ചുവട്ടിലുമായി കിടക്കുന്ന ഈ വീടുകൾ അപകടാവസ്ഥയിലാണ്. പൊതുവിഭാഗത്തിലുള്ളവർക്ക് ഉണ്ടാകുന്ന ദുരന്തക്കെടുതി പെെട്ടന്ന് പരിഹരിക്കുന്ന അധികൃതർ ആദിവാസികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
എന്നാൽ, ശ്രീധരന്റെ വീടിന് മുകളിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കം ചെയ്താൽ കൂടുതൽ മണ്ണ് ഇടിയാൻ സാധ്യതയുണ്ടെന്നും ഇതു കാണിച്ച് പഞ്ചായത്തിലും ജില്ല കലക്ടർക്കും കത്ത് നൽകിയിട്ടുണ്ടെന്നും വാർഡ് അംഗം കണിയാങ്കണ്ടി അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.