ആദിവാസി പുനരധിവാസ ഭൂമി വിതരണം ചുവപ്പുനാടയിൽ
text_fieldsവെള്ളമുണ്ട: ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി കണ്ടെത്തിയ ഭൂമി വിതരണം വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ആദിവാസി കുടുംബങ്ങൾക്കുവേണ്ടി ഏറ്റെടുത്ത നാല് ഏക്കർ ഭൂമിയുടെ രേഖകളാണ് ഭരണ സിരാകേന്ദ്രങ്ങളിലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. ഇതോടെ കിടപ്പാടത്തിനായുള്ള ആദിവാസി കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്.
തരുവണക്കടുത്ത് പാലയാണ 14ാം വാർഡിൽ പഴയിടം റോഡിനോടു ചേർന്നാണ് ആദിവാസി കുടുംബങ്ങൾക്കുള്ള ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ രേഖകൾ ഉടമ ഉത്തരവാദപ്പെട്ടവർക്ക് കൈമാറിയതുമാണ്.
നാലുമാസം മുമ്പ് ഈ ഭൂമിയിൽ ജില്ല കലക്ടർ, അസി. കലക്ടർ, ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ, ട്രൈബൽ ഓഫിസർ, വില്ലേജ് അധികാരികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പരിശോധന നടത്തി ഭൂമി ആദിവാസികൾക്ക് വിതരണത്തിന് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.
എന്നാൽ, നാളിതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പാലയാണ പൗരസമിതി കുറ്റപ്പെടുത്തി.
സൗകര്യപ്രദമായ ഭൂമി കണ്ടെത്തി അതിെൻറ രേഖകൾ ഉടമകൾ ഉത്തരവാദപ്പെട്ടവർക്ക് കൈമാറിയിട്ടും തുടർപ്രവർത്തനങ്ങളിൽ അമാന്തം കാണിക്കുന്നത് ഭൂരഹിതരോടുള്ള തികഞ്ഞ നീതികേടാണെന്നും ആക്ഷേപമുണ്ട്. ഭൂമിയുടെ രേഖകൾ ഉടൻ ആദിവാസികൾക്ക് വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
എന്നാൽ, ഭൂമി ഏറ്റെടുത്ത് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അനുമതിക്കായി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.