ബാണാസുരയിലെ ആദിവാസികൾക്ക് വെള്ളത്തിനായി നെട്ടോട്ടം
text_fieldsവെളളമുണ്ട: കുടിവെള്ള പദ്ധതികൾ നോക്കുകുത്തികളാകുമ്പോൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ് ബാണാസുര മലനിരകളിലെ ആദിവാസി കുടുംബങ്ങൾ.
മലനിരകളിലെ വിവിധ ഭാഗങ്ങളിലായി വിവിധ കോളനികളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ആവശ്യത്തിന് വെള്ളം ലഭിക്കാതെ ദിവസങ്ങളായി പ്രയാസപ്പെടുന്നത്. മലമുകളിലെ പല കുടുംബങ്ങളും വെള്ളമില്ലാത്തത് കാരണം ബന്ധുവീടുകളിലേക്ക് താമസം മാറിക്കഴിഞ്ഞു. വേനൽ കനക്കുന്നതിന്നു മുമ്പുതന്നെ നീർച്ചാലുകൾ വറ്റിയതും ശേഷിക്കുന്ന ജലം തോട്ടമുടമകൾ ഊറ്റുന്നതുമാണ് ആദിവാസികളുടെ കുടി വെളളം മുട്ടിച്ചത്.
ബന്ധുവീടുകളിലേക്ക് പോകാൻ കഴിയാത്തവർ നീർച്ചാലിൽ അവശേഷിക്കുന്ന ഉറവ തേടി മല കയറിയാണ് വെള്ളമെടുക്കുന്നത്. പുളിഞ്ഞാൽ, മംഗലശ്ശേരി, കോറോം തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
കുടിവെള്ളം കിട്ടാതെ ബന്ധുവീടുകളിലേക്ക് മാറുന്നവർ മഴക്കാലം തുടങ്ങുന്നതിന്ന് മുന്നോടിയായാണ് തിരിച്ചെത്തുക. എന്നാൽ, ആളൊഴിഞ്ഞ വീട് പെട്ടന്ന് ചിതലരിച്ച് തകരുന്നതിനാൽ തിരിച്ചെത്തുമ്പോൾ ഇവരുടെ വീടും തകരുന്നത് പതിവു കാഴ്ചയാണ്.
വേനൽകാലത്ത് കുടിവെള്ളത്തിനും മഴക്കാലത്ത് ഇതിന്റെ പേരിൽ തകർന്ന വീട് നന്നാക്കാനുമുള്ള ഓട്ടത്തിൽ തീർന്നു പോവുകയാണ് ഇവരുടെ ജീവിതം. സർക്കാർ പദ്ധതികൾ ഏറെയുണ്ടെങ്കിലും അതും ഇവർക്ക് ഉപകാരപ്പെടുന്നില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച മംഗലശ്ശേരി കുടിവെള്ള പദ്ധതി നോക്കു കുത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. പുളിഞ്ഞാൽ കുടിവെള്ള പദ്ധതി മലയുടെ അടിഭാഗത്തായതിനാൽ ഇവർക്ക് ഉപകാരപ്പെടുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.