അടിസ്ഥാന സൗകര്യമൊരുക്കിയില്ല, സ്വകാര്യ വ്യക്തിയുടെ ഫാമിൽ മൃഗങ്ങളോട് ക്രൂരത
text_fieldsവെള്ളമുണ്ട: അടിസ്ഥാന സൗകര്യമൊരുക്കാതെ തുടങ്ങിയ സ്വകാര്യ വ്യക്തിയുടെ ഫാമിൽ മൃഗങ്ങളോട് ക്രൂരത. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരി മലയോട് ചേർന്ന വലക്കോട്ടിൽ പ്രദേശത്ത് കോഴിക്കോട് ജില്ലക്കാരനായ സ്വകാര്യവ്യക്തി മൂന്നുമാസം മുമ്പ് തുടങ്ങിയ ഫാമിലാണ് മൃഗങ്ങളെ ഭക്ഷണം നൽകാതെ പീഡിപ്പിക്കുന്നതായി പരാതിയുയർന്നിരിക്കുന്നത്. ഒരു കുതിരയും എട്ട് പശുക്കളും പത്തിലധികം ആടുകളും മുയൽ, താറാവ്, വിവിധ ഇനം പക്ഷികൾ തുടങ്ങിയ വളർത്തുമൃഗങ്ങളും ഉള്ള ഫാം ഒരുവിധ അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് തുടങ്ങിയത്. കുറച്ചു ദിവസങ്ങളായി കൃത്യമായി പുല്ലും ഭക്ഷണങ്ങളും നൽകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
പട്ടിണികിടന്ന് മൃഗങ്ങൾ ചത്തുവീഴുന്നത് പതിവായിട്ടും ഫാം ഉടമ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആദ്യ മാസങ്ങളിൽ കൃത്യമായി ഭക്ഷണം നൽകിയിരുന്നെങ്കിലും രണ്ടുമാസമായി മൃഗങ്ങൾക്കും പക്ഷികൾക്കും വല്ലപ്പോഴുമാണ് ഭക്ഷണം നൽകുന്നത്. ഈ കാലയളവിൽ ഇരുപതോളം മൃഗങ്ങൾ ചത്തതായും പരാതിയുണ്ട്. കഴിഞ്ഞദിവസം രാത്രിയും ഒരു പശുക്കിടാവ് ചത്തിരുന്നു. എല്ലാ മൃഗങ്ങളും പട്ടിണികിടന്ന് എല്ലും തോലുമായ നിലയിലാണ്. രണ്ടു ജീവനക്കാരാണ് ഇവയെ പരിപാലിക്കാൻ ഉള്ളത്.
മൂന്നു മാസങ്ങൾക്കുമുമ്പ് അതിരാവിലെ വലിയ വാഹനങ്ങൾ ഈ പ്രദേശത്ത് എത്തിയപ്പോഴാണ് ഫാം തുടങ്ങുന്ന കാര്യം നാട്ടുകാർ അറിയുന്നത്. കുതിര, പശുക്കൾ, ആടുകൾ, മുയലുകൾ, അലങ്കാര പക്ഷികൾ തുടങ്ങിയവയെ വളർത്താൻ ഫാം തുടങ്ങുന്നു എന്നാണ് ഉടമ അയൽവാസികളോട് പറഞ്ഞത്. ആദ്യത്തെ ഒരുമാസം കൃത്യമായ ഭക്ഷണവും മറ്റും നൽകി ഉടമ പരിപാലിച്ചിരുന്നു. പ്രവാസിയായ ഉടമ ഗൾഫിലേക്ക് തിരിച്ചുപോയതോടെ ഫാം നോക്കാൻ ആളില്ലാതാവുകയും ഗർഭിണിയായ കുതിര അടക്കം പട്ടിണികിടന്ന് ചത്തതായും ആരോപണമുണ്ട്. ചത്തുവീണ മൃഗങ്ങളെ ആരെങ്കിലും എത്തിയാണ് കുഴിച്ചിടുന്നത്. സ്ഥലം മാലിന്യങ്ങൾ നിറഞ്ഞ് വൃത്തിഹീനമാണ്.
അതിനാൽ, രോഗം പകരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുധി രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ഫാമിനെതിരെ ഉയർന്ന പരാതി സത്യമാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സുധി രാധാകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്തിന്‍റെ ലൈസൻസ് ഇല്ലെന്നും ഫാം നടത്താനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. ഫാമിൽ പട്ടിണികിടന്ന് മൃഗങ്ങൾ ചത്തുവീഴുന്ന സംഭവം പതിവായതോടെ അയൽവാസികളും ദുരിതത്തിലാണ്. വൃത്തിഹീനമായ ഫാമിൽനിന്ന് രോഗംപകരുമോ എന്ന ആശങ്കയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.