വിദ്യാലയങ്ങളിൽ അനധികൃത ‘തുണിക്കച്ചവടം’; തയ്യൽക്കാരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിൽ
text_fieldsവെള്ളമുണ്ട: വിദ്യാലയങ്ങളിലെ അനധികൃത ‘തുണിക്കച്ചവടം’ കാരണം നാട്ടിലെ തയ്യൽക്കാരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിൽ. പേനയും പെൻസിലും മുതൽ യൂനിഫോം വരെയുള്ള സാധങ്ങളാണ് പി.ടി.എയുടെ മൗനാനുവാദത്തോടെ ചട്ടം ലംഘിച്ച് പല വിദ്യാലയങ്ങളിലും അധ്യാപകർ വിൽപന നടത്തുന്നത്.
ഒരുമിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ വലിയതോതിൽ വിലക്കുറവുണ്ടാകുമെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിച്ചാണ് സാധനങ്ങൾ നൽകുന്നത്. എന്നാൽ പൊതുമാർക്കറ്റ് വിലയെക്കാളും കൂടിയ തുക വാങ്ങി സാധനങ്ങൾ വിൽക്കുന്നതും പതിവുകാഴ്ചയാണ്. അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി കടകളിലേക്കാളും വില നൽകി യൂനിഫോ മടക്കം വാങ്ങേണ്ട അവസ്ഥയാണ് രക്ഷിതാക്കളുടേത്.
സ്വകാര്യ വിദ്യാലയങ്ങളിൽ ബാഗും കുടയും അടക്കം ഇരട്ടി വിലയിൽ വിൽപന നടക്കുന്നുണ്ട്. ഇതോടെ സീസൺ കച്ചവടം പ്രതീക്ഷിച്ച് ജീവിക്കുന്ന കച്ചവടക്കാർ ദുരിതത്തിലായി. ചെറുകിട വ്യാപാരികളെയാണ് ഇത് ബാധിക്കുന്നത്. സ്കൂൾ തുറക്കുന്ന സീസൺ പ്രതീക്ഷിച്ചിരുന്ന വസ്ത്രം തൈക്കുന്ന ടെയലർമാരും വർഷങ്ങളായി ഇക്കാരണത്താൽ ദുരിതത്തിലാണ്. ഇവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വിയർക്കുകയാണ്.
ജില്ലയിലെ പല വിദ്യാലയങ്ങളും കുട്ടികളുടെ യൂനിഫോം തുണി സ്വന്തമായി വാങ്ങുകയും തയ്പ്പിച്ചു കൊടുക്കുകയുമടക്കം ചെയ്യുന്നുണ്ട്. രക്ഷിതാക്കളിൽ നിന്നും പണം വാങ്ങി ഒരുമിച്ച് തുണി എടുത്ത് തങ്ങൾക്ക് കമീഷൻ നൽകുന്ന തയൽക്കാരെ ഏൽപ്പിക്കുകയും ചിലയിടങ്ങളിൽ ചെയ്യുന്നു.
മറ്റു ചില സ്കൂളുകളാകട്ടെ എറണാകുള മടക്കം മറ്റ് ജില്ലകളിലെ ഏജൻസികളെ എല്ലാം ഏൽപ്പിക്കുകയാണ്. യൂനിഫോം തുണിക്കായി സർക്കാർ നൽകുന്ന തുകയും ബാക്കി രക്ഷിതാക്കളിൽ നിന്നും വാങ്ങി വലിയ ലാഭം ഈടാക്കിയാണ് പലരും യൂനിഫോം നൽകുന്നത്.
സർക്കാർ നൽകുന്ന തുക നിർബന്ധ പൂർവം വാങ്ങാൻ പാടില്ലെങ്കിലും ചില അധ്യാപകർ ഇടപെട്ട് പണം വാങ്ങുന്നതും പതിവാണ്. യൂനിഫോം തുക വിദ്യാലയത്തിന്റെ പി.ടി.എ ഫണ്ടിലേക്ക് ഈടാക്കുന്ന സംഭവങ്ങളും ഉണ്ട്. നിർബന്ധ പൂർവം യൂനിഫോം തുക വാങ്ങിച്ച ഒരു വിദ്യാലയത്തിനെതിരെ കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാനം രക്ഷിതാക്കൾ ബാലാവകാശ കമീഷന് പരാതി അയച്ച സംഭവം വെള്ളമുണ്ടയിൽ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരുകയാണ്. പരാതികൾ മുറപോലെ ഉയരുമ്പോഴും നടപടികളുണ്ടാവുന്നില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ വ്യാപകമായതോടെ നാട്ടിൻ പുറങ്ങളിലെ തയൽക്കാർ കടുത്ത ദുരിതത്തിലാണ്. ഇത്തരക്കാർക്ക് വിദ്യാലയങ്ങൾ തുറക്കുന്ന സീസണിലെ യൂനിഫോമിന്റെ പണിയായിരുന്നു താത്കാലിക ആശ്വാസം.
എന്നാൽ സ്കൂളുകളുടെ സമീപനം മൂലം ഇവർക്ക് ഇതിനും കഴിയുന്നില്ല. ചെറിയ ലാഭത്തിനു വേണ്ടി പി.ടി.എയുടെ നേതൃത്വത്തിലുള്ള ഇത്തരം പ്രവൃത്തികൾ നിർത്തണമെന്നും വിദ്യാലയങ്ങളിലെ കമീഷൻ ഏർപ്പാട് നിർത്തണമെന്നും തയൽക്കാർ ആവശ്യപ്പെടുന്നു. അതേസമയം, സർക്കാർ ജീവനക്കാരുടെ അനധികൃത കച്ചവടങ്ങൾക്കെതിരെ പ്രമുഖ വ്യാപാരി സംഘടനകൾ പ്രതികരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.