അനാരോഗ്യകരമായി വിദ്യാലയങ്ങളിലെ മൂത്രപ്പുരകൾ
text_fieldsവെള്ളമുണ്ട: നിയമവും ബാലാവകാശ വകുപ്പുകളും യഥേഷ്ടമുള്ള നാട്ടിൽ വിദ്യാലയങ്ങളിലെ മൂത്രപ്പുരകളും ടോയ്ലറ്റും വിദ്യാർഥികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ. പല വിദ്യാലയങ്ങളിലും നിയമത്തിന്റെ കണ്ണുവെട്ടിക്കുന്ന തരത്തിൽ പേരിന് മാത്രമാണ് മൂത്രപ്പുരകൾ.
രാവിലെ വിദ്യാലയത്തിലെത്തുന്ന പെൺകുട്ടികൾ പ്രാഥമിക സൗകര്യമില്ലാത്തതിന്റെ പേരിൽ നേരിടുന്ന ദുരിതങ്ങൾ ഇനി ആരോട് പറഞ്ഞാലാണ് പരിഹാരമാവുക എന്നാണ് രക്ഷിതാക്കളുടെ ചോദ്യം. നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പും ത്രിതല ഭരണകൂടവും ഉദ്യോഗസ്ഥരും അനങ്ങാതിരുന്നാൽ എങ്ങനെയാണ് നീതി ലഭിക്കുകയെന്ന ആശങ്കയും ഉയരുന്നു.
വിദ്യാലയങ്ങളിൽ സൗകര്യപ്രദമായ മൂത്രപ്പുരകളില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരോട് സൗകര്യങ്ങളില്ലാത്ത മൂത്രപ്പുരകൾ കാണിച്ച് മറുപടി നൽകുകയാണ് അധികൃതർ. ജില്ലയിലെ പല വിദ്യാലയങ്ങളിലും കണക്കുപ്രകാരമുള്ള ടോയ് ലെറ്റുകളോ മൂത്രപ്പുരകളോ ഇല്ല.
കാലപ്പഴക്കത്തിൽ തകർന്ന ഉപയോഗപ്രദമല്ലാത്ത ടോയ് ലെറ്റുകളടക്കം കണക്കിൽപെടുത്തിയാണ് പല വിദ്യാലയങ്ങളും പ്രവർത്തനാനുമതി നേടുന്നത്. ടോയ് ലെറ്റുകളിൽ എപ്പോഴും വെള്ളം ഉണ്ടാവണമെന്നാണ് ചട്ടമെങ്കിലും അതും പാലിക്കപ്പെടാറില്ല. പലതും ദുർഗന്ധം കൊണ്ട് സമ്പന്നമാണ്.
വിദ്യാലയങ്ങളിലെ വൃത്തിയില്ലാത്തതും, അടിസ്ഥാന സൗകര്യമില്ലാത്തതുമായ മൂത്രപ്പുരകളും കക്കൂസും ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. ഇതിനാൽ മൂത്രം പിടിച്ചുവെച്ചാണ് വിദ്യാർഥികൾ വൈകുന്നേരംവരെ കഴിച്ചുകൂട്ടുന്നത്. ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുമുണ്ട്.
വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ടാവണമെന്നാണ് ചട്ടം. അധ്യാപകരുടെ തസ്തിക നിർണയത്തിലടക്കം ടോയ് ലെറ്റുകളുടെ ലഭ്യത വിദ്യാഭ്യാസ ഓഫിസർമാർ പരിഗണിക്കേണ്ടതാണെന്ന് സ്കൂൾ മാന്വലിൽ പറയുന്നുണ്ട്.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 20/9/2018ലെ ഡബ്ല്യു (3) 1824/2017 ഡി.പി.ഐയുടെ കത്ത് പ്രകാരം 30 പെൺകുട്ടികൾക്ക് രണ്ടും 30 ആൺകുട്ടികൾക്ക് ഒരു ടോയ് ലെറ്റും ഉണ്ടാവണം. 500 ൽ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് 16ഉം ആൺകുട്ടികൾക്ക് എട്ടും ടോയ് ലെറ്റുകൾ വേണമെന്നാണ് ചട്ടം. മൂത്രപ്പുരകളുടെ കാര്യത്തിലും പലരും ചട്ടങ്ങൾ പാലിക്കുന്നില്ല. പത്ത് പെൺകുട്ടികൾക്ക് ഒന്നും, 25 ആൺകുട്ടികൾക്ക് ഒന്നും എന്ന കണക്കിൽ മൂത്രപ്പുരകൾ വേണം.
ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ എന്നിവ സ്ഥാപിക്കണമെന്ന ഉത്തരവുണ്ടെങ്കിലും ബഹു ഭൂരിപക്ഷം വിദ്യാലയങ്ങളിലും ഇവയില്ല. യു.പി തലത്തിലാവട്ടെ ഇതിനെക്കുറിച്ച് ചർച്ചപോലും പി.ടി.എകളിൽ അടക്കം നടക്കാറുമില്ല. വൈദ്യുതിയില്ലാത്ത ടോയ്ലറ്റുകളിൽ ഈ മെഷീൻ സ്ഥാപിക്കാനുമാവില്ല.
എയ്ഡഡ് വിദ്യാലയങ്ങളിൽ പലയിടത്തും മൂത്രപ്പുരകളിൽ വൈദ്യുതി സ്ഥാപിച്ചിട്ടുമില്ല. ചട്ടപ്രകാരം എല്ലാ വിദ്യാലയങ്ങളിലും ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങളും (റോംപ് റെയിൻ), അഡാപ്റ്റീവ് ടോയ് ലെറ്റുകളും നിർമിക്കണം.
എന്നാൽ പാലിക്കപ്പെട്ടിട്ടില്ല. വിദ്യാലയങ്ങൾക്ക് ഫിറ്റ്നസും പ്രവർത്തനാനുമതിയും നൽകുന്ന പഞ്ചായത്ത് അധികൃതരോ, വിദ്യാഭ്യാസ വകുപ്പോ ഇങ്ങനൊരു ഉത്തരവ് തന്നെ ഉണ്ടോയെന്നാണ് ചോദിക്കുന്നത്. മുൻവർഷങ്ങളിൽ നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.