പുനരധിവാസം ഫയലിലുറങ്ങുന്നു; ഉരുൾപൊട്ടൽ ഭീതിയിൽ വാളാരംകുന്ന് ആദിവാസി കോളനി
text_fieldsവെളളമുണ്ട: രണ്ട് പ്രളയവും ഉരുൾപൊട്ടൽ അനുഭവവും കഴിഞ്ഞിട്ടും വാളാരംകുന്ന് ആദിവാസി കോളനിക്കാരുടെ പുനരധിവാസം ഫയലിലുറങ്ങുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാളാരംകുന്ന് കോളനിയിലെ നിരവധി ആദിവാസി കുടുംബങ്ങൾ തുടർച്ചയായി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഭൂമിയിൽ ഇപ്പോഴും സുരക്ഷയില്ലാതെയാണ് കഴിയുന്നത്.
2018 ലെ പ്രളയത്തിൽ കോളനി ഭൂമിയിൽ വൻ ഉരുൾപൊട്ടലുണ്ടായ സമയത്ത് പകരം ഭൂമി കണ്ടെത്തി മുഴുവൻ കുടുംബങ്ങളേയും മാറ്റി പാർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, ആറ് വർഷത്തിനിപ്പുറവും പുനരധിവാസം പൂർത്തിയാകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മലയുടെ അടിവാരത്ത് സുരക്ഷിതമായ സ്ഥലം കണ്ടെത്തി വീടു നിർമാണം തുടങ്ങിയിട്ട് രണ്ടു വർഷത്തിലധികമായെങ്കിലും പകുതി കുടുംബങ്ങളെ പോലും മാറ്റാനായിട്ടില്ല. കോളനിയിലെ മുഴുവൻ കുടുംബങ്ങളേെയും മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചതിനാൽ മറ്റ് സർക്കാർ സഹായങ്ങളും മുടങ്ങി. ഇതോടെ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ സ്വകാര്യത നഷ്ടപ്പെട്ട ദുരിതജീവിതവുമായി ആദിവാസി സ്ത്രീകളടക്കം കഴിയേണ്ടി വരികയാണ്.
ഇടക്കാലത്ത് അനുവദിച്ച വീടുകളുടെ നിർമാണവും പാതിവഴിയിൽ മുടങ്ങിയ അവസ്ഥയിലാണ്. മഴ കനക്കുമ്പോൾ കുടുംബങ്ങളെ സമീപത്തെ വിദ്യാലയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയാണ് പതിവ്. കഴിഞ്ഞ ദിവസവും അഞ്ച് കുടുംബങ്ങളെ വെള്ളമുണ്ട സ്കൂളിലേക്ക് മാറ്റിയിരുന്നു. കോളനിയിലെ 53 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതിയാണ് രണ്ടു വർഷം മുമ്പ് തയാറാക്കിയത്. പ്രളയ ഫണ്ടിൽനിന്ന് സ്ഥലത്തിനും വീടിനുമായി ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പണവും പദ്ധതിയുമുണ്ടായിട്ടും നടപടികൾ മാത്രം ഉണ്ടാവുന്നില്ലെന്നാണ് ആദിവാസികൾ പറയുന്നത്. ആദിവാസി ഭവന പദ്ധതികൾ ശാസ്ത്രീയമായി നടപ്പിലാക്കാൻ താൽപര്യം കാണിക്കാത്ത ഉദ്യോഗസ്ഥ -കരാർ -ജനപ്രതിനിധി കൂട്ടുകെട്ടാണ് ഇവരുടെ ദുരിതജീവിതത്തിന് കാരണക്കാർ എന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.