ഈ മൈതാനത്തോട് എന്തിനിത്ര അവഗണന?
text_fieldsവെള്ളമുണ്ട: അധികൃതരുടെ അനാസ്ഥയിൽ സ്കൂൾ കളിസ്ഥലം നാശത്തിെൻറ വക്കിൽ. ഗ്രാമപഞ്ചായത്തിലെ വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനമാണ് മാലിന്യം തള്ളിയും കാടുമൂടിയും ഉപയോഗപ്രദമല്ലാതാവുന്നത്. മൈതാനത്തിെൻറ ഒരു വശത്ത് വ്യാപകമായ തോതിൽ മണ്ണ് കൂട്ടിയിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞ ദിവസം കോൺക്രീറ്റ് മാലിന്യവും തള്ളിയതോടെ കളിക്കാനിറങ്ങുന്ന വിദ്യാർഥികളടക്കം പ്രയാസപ്പെടുകയാണ്. മാനന്തവാടി താലൂക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂൾ ഗ്രൗണ്ടാണിത്. എന്നാൽ, കാലങ്ങളായി അധികൃതരുടെ അനാസ്ഥകാരണം നശിക്കുകയാണ്. 200 മീറ്റർ ട്രാക്കായി ഉപയോഗിച്ചിരുന്ന ഈ ഗ്രൗണ്ട് വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ കായികപ്രേമികളുടെ കളിയിടമായിരുന്നു. കൂടാതെ മാനന്തവാടി താലൂക്കിലെ പല കായിക മാമാങ്കങ്ങൾക്കും വേദിയായിട്ടുണ്ട്. ഇടക്കാലത്ത് ഗ്രൗണ്ടിൽ വെള്ളം തങ്ങിനിന്ന് ഒരു വശം പൂർണമായും ഉപയോഗശൂന്യമായി. പിന്നീട് മണ്ണിട്ട് ഉയർത്തി നന്നാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ സ്റ്റേജ് ഉദ്ഘാടനം വലിയ മാമാങ്കമായി നടത്തുകയും ചെയ്തു. സറ്റേജ് കം പവലിയെൻറ നിർമാണോദ്ഘാടനമാണ് നടന്നതെങ്കിലും പവലിയൻ എവിടെ എന്ന ചോദ്യം ബാക്കിയാവുകയാണ്.
മണ്ണ് തള്ളിയും കാട് മൂടിയും കിടക്കുന്ന ഗ്രൗണ്ട് നന്നാക്കുക പോലും ചെയ്യാതെ മാലിന്യക്കൂമ്പാരത്തിനു മുകളിലാണ് ഉദ്ഘാടനം നടത്തിയത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ വന്നിറങ്ങിയതും മൺകൂമ്പാരത്തിന് നടുവിലാണ്. റോഡിലെ ഉണക്കമരം ഗ്രൗണ്ടിലേക്ക് മറിഞ്ഞുവീണത് നീക്കാനും നടപടിയില്ല. സ്റ്റേഡിയത്തിനായി നിർമിച്ച കോൺക്രീറ്റ് പടവുകൾ മുഴുവൻ കാട് മൂടിയ നിലയിലാണ്. മൂന്നുവർഷം മുമ്പ് ഗ്രൗണ്ട് സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ ചർച്ചകൾ ഉയർന്നുവന്നിരുന്നു. സ്കൂൾ മൈതാന സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്തും സ്കൂൾ പി.ടി.എയും ചർച്ച നടത്തുകയും ജില്ല പഞ്ചായത്തിെൻറ അനുമതി തേടി ഗ്രൗണ്ട് മണ്ണിട്ട് ഉയർത്താനും തീരുമാനിച്ചു.
ഇതിനിടെ എട്ടേനാലിലെ സ്വകാര്യ വ്യക്തി തോട്ടം കിളച്ച മണ്ണ് ഗ്രൗണ്ടിൽ ഇട്ട് നിരത്തിയത് വൻ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരത്തിനിറങ്ങി. പിന്നീട് സംരക്ഷണഭിത്തി കെട്ടി നവീകരിച്ച മൈതാനത്തിലാണ് വീണ്ടും മണ്ണ് തള്ളിയിരിക്കുന്നത്. മഴ പെയ്താൽ ചെളിക്കുളമാകും.
ഈ മൈതാനം നശിപ്പിക്കുന്ന നടപടിയാണ് അധികൃതരിൽ നിന്നുണ്ടാവുന്നതെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്തിനു കീഴിലുള്ള സ്കൂൾ മൈതാനം സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് എടുത്ത മണ്ണ് താൽകാലികമായി ഗ്രൗണ്ടിൽ തള്ളിയതാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.