വെള്ളമുണ്ടയിലെ പരാജയം: ലീഗിൽ പ്രതിഷേധം, വിമർശനം
text_fieldsവെള്ളമുണ്ട: മുസ്ലിം ലീഗിെൻറ ഉരുക്കുകോട്ടയായ വെള്ളമുണ്ടയിൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവുമായി ബന്ധപ്പെട്ട് മുന്നണിയിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം. പ്രാദേശിക നേതൃത്വങ്ങളിൽ പലരും പരസ്യമായി രംഗത്തുണ്ട്. പാർട്ടി സ്ഥാനാർഥികളുടെ പരാജയത്തിന് കാരണക്കാരായവരെ പുറത്താക്കിയതായി വാട്സ് ആപ്പിൽ പ്രചാരണം നടക്കുന്നുണ്ട്.
ജില്ല കമ്മിറ്റിയുടെ പേരിലുള്ള കുറിപ്പാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേതൃനിരയിലെ മൂന്നുപേരെയാണ് പുറത്താക്കിയതായി പ്രചരിക്കുന്നത്. തരുവണയിലും മുന്നണിക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ട്.2015ലെ തെരഞ്ഞെടുപ്പ് ഫലവുമായുള്ള താരതമ്യത്തിൽ 35 കൊല്ലമായി കൂടെനിന്ന വാർഡുകളാണ് ഇത്തവണ മുസ്ലിം ലീഗിന് നഷ്ടപ്പെട്ടത്.
തരുവണ, എട്ടേനാല്, കണ്ടത്തുവയൽ, വെള്ളമുണ്ട, പഴഞ്ചന വാർഡുകളിലെ തോൽവി ജില്ലതലത്തിൽ തന്നെ ചർച്ചക്കിടയാക്കിയിട്ടുണ്ട്. ഇടതുപക്ഷം ജയിക്കുമെന്ന് ഉറപ്പിച്ച ഒഴുക്കൻ മൂല, പുളിഞ്ഞാൽ വാർഡുകൾ പിടിച്ചെടുത്തത് കോൺഗ്രസിന് ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ തവണ കൂടെനിന്ന എട്ട് വാർഡുകൾ നഷ്ടപ്പെട്ടതിെൻറ ആഘാതം പാർട്ടിയിലും മുന്നണിയിലുമുണ്ട്. അനുകൂല രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുന്നതിൽ യു.ഡി.എഫ് പരാജയപ്പെട്ടതായി പ്രചാരണം നടക്കുന്നുണ്ട്.
ബസ് സ്റ്റാൻഡ് ഉൾപ്പെടെ സ്വപ്നപദ്ധതികൾക്ക് ഫണ്ട് ഉള്ളപ്പോഴാണ് വികസന മുരടിപ്പ് എന്ന ദുഷ്പേര് നേരിടേണ്ടിവന്നത്. ഒന്നരക്കോടി രൂപ മാറ്റിെവച്ച പദ്ധതിയുടെ തറക്കല്ലിടലിനുപോലും ചിലർ തടസ്സം നിന്നത് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് മാനേജ്മെൻറും പ്രവർത്തനരീതികളിലെ പിഴവും ഇപ്പോൾ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിെൻറ തൊട്ടുമുമ്പ്, ലീഗ് ഭരിക്കുന്ന വെള്ളമുണ്ട സർവിസ് സഹകരണ ബാങ്കിൽ നിന്ന് ലോൺ തിരിച്ചടക്കാത്ത കുറേപേർക്ക് ജപ്തി നോട്ടീസ് അയച്ചതും ചിലർ പ്രചാരണത്തിന് ഉപയോഗിച്ചു. വലിയ തോതിലുള്ള വോട്ട് ചോർച്ചയാണ് ഒന്നുമുതൽ ആറുവരെയുള്ള വാർഡുകളിൽ മുസ്ലിം ലീഗിന് ഉണ്ടായത്. വികസന പദ്ധതികൾ കൊണ്ടുവന്ന കഴിഞ്ഞ പഞ്ചായത്ത് പ്രസിഡൻറിനെ അടക്കം പ്രചാരണരംഗത്ത് ഇറക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായി.
അടിത്തട്ടുമുതൽ വിലയിരുത്തും
കൽപറ്റ: ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സംഭവിച്ച അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ തേടി മുസ്ലിം ലീഗ്. അടിത്തട്ടുമുതൽ വിലയിരുത്തൽ നടത്തി തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ കരീം പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിക്കുന്നതിെൻറ ഭാഗമായി തിങ്കളാഴ്ച കൽപറ്റയിൽ ജില്ല ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറുമാരുടെയും യോഗം ചേരും.
വെള്ളമുണ്ട പഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഡിവിഷൻ, സുൽത്താൻ ബത്തേരി നഗരസഭ, പനമരം ജില്ല പഞ്ചായത്ത് ഡിവിഷൻ എന്നിവിടങ്ങളിലെ തിരിച്ചടി പരക്കെ ചർച്ചയായിട്ടുണ്ട്. ഇതിനു പുറമെ ചില പോക്കറ്റുകളിലും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. കൽപറ്റയിലും ചില പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്.
ലീഗ് സ്ഥാനാർഥികൾ ഇതിനു മുെമ്പാന്നും ഇങ്ങനെ തോൽവി അറിഞ്ഞിട്ടില്ല. കാരണങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടണമെന്ന് സുൽത്താൻ ബത്തേരിയിലെ ഒരു ലീഗ് നേതാവ് പറഞ്ഞു. പാർട്ടിയിലും പുറത്തും ചില അടിയൊഴുക്കുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളമുണ്ടയിലെ തോൽവിയുടെ ആഘാതം അടുത്തൊന്നും അവസാനിക്കില്ല. പഞ്ചായത്ത് ഭരണം മാത്രമല്ല ജില്ല പഞ്ചായത്ത് ഡിവിഷനും എൽ.ഡി.എഫ് നേടി. സുൽത്താൻ ബത്തേരിയിൽ ലീഗിെൻറ എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു. കൽപറ്റ നഗരസഭയിൽ ലീഗിെൻറ ചെയർമാൻ സ്ഥാനാർഥിയും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.