വാതിലും ജനലുമായി കരാറുകാരനും ഉദ്യോഗസ്ഥരും മുങ്ങി; ഭീതിയുടെ ഇരുട്ടിൽ ഉറക്കമില്ലാതെ അമ്മമാർ
text_fieldsവെള്ളമുണ്ട: ആദിവാസി കോളനി വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടും ലഭിച്ച വീടിന് വാതിലും ജനലുമില്ലാതെ ദുരിതം പേറി കുടുംബങ്ങൾ. വെള്ളമുണ്ട പഞ്ചായത്തിലെ എട്ടേനാൽ മേച്ചേരിക്കുന്ന് പണിയ കോളനി വാസികളാണ് പാതിയിൽ പണി നിർത്തിയ വീടുകളിൽ ദുരിത ജീവിതം നയിക്കുന്നത്. പഴയ വീടുകളുടെ അറ്റകുറ്റപ്പണിക്കും റോഡ്, സാംസ്കാരിക നിലയം തുടങ്ങി കോളനിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കുമായാണ് ഒരു കോടി അനുവദിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയ പദ്ധതി ഇപ്പോഴും പൂർത്തിയാവാതെ ഇഴയുകയാണ്.
28ലധികം വീടുകളുള്ള കോളനിയിൽ ഒരു വീടിന് അറ്റകുറ്റപ്പണിക്കായി ഒന്നര ലക്ഷം രൂപയോളമാണ് അനുവദിച്ചത്. വീടുകളുടെ മേൽക്കൂര മാറ്റുന്ന നടപടിയാണ് പൂർത്തിയായത്. ചില വീടുകളുടെ പെയിൻറിങ്ങും പൂർത്തിയായിട്ടുണ്ട്. എന്നാൽ, അറ്റകുറ്റപ്പണി നടത്തുന്നതിനായി പഴയ വാതിലുകൾ പൊളിച്ചുനീക്കിയിരുന്നു. പുതിയ വാതിലും ജനലും വെക്കുമെന്ന ധാരണയിലാണ് വീടിെൻറ രണ്ടു വശത്തെയും വാതിലുകൾ പൊളിച്ചത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തിയ കരാറുകാരൻ മാസങ്ങൾ കഴിഞ്ഞിട്ടും വാതിലുകൾ വെക്കാൻ തയാറായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു.
പണി പാതിയിൽ നിർത്തി കരാറുകാരൻ പോയപ്പോൾ വീടുകളിൽ സ്ത്രീകളും കുട്ടികളും ഭയത്തോടെ കിടന്നുറങ്ങേണ്ട അവസ്ഥയാണ്. പരാതി ആരോടു പറയണം എന്നറിയാതെ തുറന്നിട്ട മുറികളിലാണ് ആദിവാസി കുടുംബങ്ങൾ ഉറങ്ങുന്നത്. ചാക്കുകൊണ്ട് മറച്ചാണ് സ്ത്രീകളടക്കം താമസിക്കുന്നത്. പകുതിയിലധികം വീടുകൾക്കും വാതിലും ജനലും ഇല്ല. മാസങ്ങൾക്കു മുമ്പ് ചാക്ക് വാതിൽ ചവിട്ടിത്തുറന്ന് ആദിവാസി വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.