കാടിൽനിന്നും മാലിന്യത്തിൽനിന്നും മോചനമില്ലാതെ നടപ്പാത
text_fieldsവെള്ളമുണ്ട: കാടിനുള്ളിൽ നിന്നും മാലിന്യത്തിൽ നിന്നും മോചനമില്ലാതെ എട്ടേനാലിലെ നടപ്പാത. ദുരിതത്തിലായി വിദ്യാർഥികളും കാൽ നടക്കാരും. മാസങ്ങളായി കാടുമൂടി കിടക്കുന്ന നടപ്പാതയുടെ പല ഭാഗത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നടപ്പാതയാണിത്. വെള്ളമുണ്ട എ.യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള ഏക നടപ്പാതയാണിത്. 50 ലക്ഷം രൂപയിലധികം മുടക്കി മുമ്പ് നവീകരിച്ച നടപ്പാതയുടെ ഒരു ഭാഗം വർഷങ്ങളായി കാടുമൂടി ഉപയോഗശൂന്യമായി കിടക്കുകയാണ്.
വിദ്യാർഥികളും കാൽനടക്കാരും തിരക്കേറിയ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. റോഡിന്‍റെ ഒരു വശത്ത് ഓട്ടോ സ്റ്റാൻഡുണ്ട്. ഇടുങ്ങിയ റോഡിലൂടെ ഒരു സമയം ഒരു വാഹനത്തിന് മാത്രമാണ് കടന്നു പോകാനാകുന്നത്. ഈ തിരക്കിനിടയിലൂടെ അപകടകരമായാണ് വിദ്യാർഥികളും കാൽനടക്കാരും സഞ്ചരിക്കുന്നത്.
ബാണാസുര ഡാമിലേക്കുള്ള റോഡ് കൂടിയായതിനാൽ ഏതുനേരവും വാഹനത്തിരക്കേറിയ റോഡിൽ അപകടങ്ങളും പതിവായിട്ടുണ്ട്. മുമ്പ് തൊഴിലുറപ്പു പദ്ധതിയിലും മറ്റും ഉൾപ്പെടുത്തി കാട് വെട്ടിമാറ്റിയിരുന്നുവെങ്കിലും രണ്ട് വർഷമായി പദ്ധതിയില്ല.
വലിയ മുൾപ്പടർപ്പ് റോഡിലേക്ക് വളർന്നു നിൽക്കുന്നത് വാഹനയാത്രക്കാർക്കും ദുരിതമായിട്ടുണ്ട്. കാട് മൂടിയ നടപ്പാതയിൽ മാലിന്യം തള്ളുന്നതും പതിവായിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യമാണ് തള്ളുന്നത്. പ്ലാസ്റ്റിക് എടുക്കാൻ ഹരിത സേനയുണ്ടെങ്കിലും മാലിന്യം റോഡരികിൽ നിന്നും മാറുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.