പുഴകളിൽ ജലചൂഷണം വ്യാപകം; ജലസേചന പദ്ധതികൾ ഭീഷണിയിൽ
text_fieldsവെള്ളമുണ്ട: മലനിരകളിലെ നീർച്ചാലുകളിൽ നിന്നും പുഴകളിൽ നിന്നും ജലചൂഷണം വ്യാപകമായതോടെ ജലസേചന പദ്ധതികൾ ഭീഷണിയിൽ. വെള്ളമുണ്ട, തൊണ്ടർനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ പ്രധാന പുഴകളിലെല്ലാം വലിയ മോട്ടോർ സ്ഥാപിച്ച് ജലചൂഷണം നടത്തുന്നത് വ്യാപകമാണ്. കൃഷിത്തോട്ടങ്ങൾ നനക്കുന്നതിനാണ് രാപ്പകൽ വ്യത്യാസമില്ലാതെ ജലമൂറ്റുന്നത്.
ബാണാസുര മലയടിവാരത്തിലെ പുഴകൾ ഉത്ഭവിക്കുന്ന നീർച്ചാലുകളിലും വ്യാപകമായ തോതിൽ ജലം സ്വകാര്യ തോട്ടങ്ങളിലേക്ക് മോട്ടോർ ഉപയോഗിച്ച് അടിക്കുന്നത് പുഴകളുടെ നിലനിൽപിനെ തന്നെ ബാധിക്കുകയാണ്.
പുളിഞ്ഞാൽ, നെല്ലിക്കച്ചാൽ, മംഗലശ്ശേരി മലനിരകളിലെ നീർച്ചാലുകളിൽ നിന്നും സ്വകാര്യ വ്യക്തികൾ വ്യാപകമായി ജലം ഊറ്റുന്നതിനെതിരെ മുമ്പുതന്നെ പരാതി ഉയർന്നിരുന്നെങ്കിലും നടപടികളുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പുതുശ്ശേരിക്കടവ്, വാരാമ്പറ്റ, വാളുമുക്ക്, കക്കടവ്, നിരവിൽപുഴ പുഴകളിലെല്ലാം ഇത്തരത്തിലുള്ള നിരവധി മോട്ടോറുകൾ അനധികൃതമായി ജലമൂറ്റുന്നുണ്ട്.
പുഴതീരത്തെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ടാങ്കുകൾ സ്ഥാപിച്ച് വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. വനത്തോട് ചേർന്നും നിരവധി ടാങ്കുകൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. 24 മണിക്കൂറും ഇടമുറിയാതെയെത്തുന്ന ജലം ടാങ്കുകളിൽ നിന്നും മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണ്.
വേനൽ കനത്തതോടെ വറ്റിയ പുഴകളിൽ വളരെ കുറഞ്ഞ വെള്ളമാണ് ഇപ്പോഴുളളത്. ഈ വെള്ളം സ്വകാര്യതോട്ടം ഉടമകൾ ഊറ്റുന്നതിനാൽ നീർച്ചാലിനെയും പുഴകളെയും ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ കുടിവെള്ളം മുട്ടുകയാണ്. നീർച്ചാലിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളെയും ഇത് ബാധിക്കുന്നുണ്ട്.
പുഴവെള്ളത്തെ ഉപയോഗപ്പെടുത്തി വയലുകളിൽ വെള്ളമെത്തിക്കുന്നതിന് നടപ്പാക്കിയ ജലസേചന പദ്ധതികൾക്കും അനധികൃത ജലമൂറ്റൽ ഭീഷണിയാവുകയാണ്. മാർച്ച് മാസം തുടങ്ങിയതോടെ കനത്ത വരൾച്ചയാണ് പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കടുത്ത വേനലിൽ പുഴതീരങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാവുന്നത് പുഴവെള്ളം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.