ഇടിഞ്ഞുതാഴ്ന്ന കിണർ മൂടിയില്ല; അപകടഭീഷണിയിൽ താമസക്കാർ
text_fieldsവെള്ളമുണ്ട: ആദിവാസി കോളനിയിൽ അപകട ഭീഷണിയുയർത്തി പ്രളയത്തിൽ തകർന്ന കിണർ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആറുവാൾ അരീക്കര കോളനിയിലെ കിണറാണ് കോളനിവാസികൾക്ക് ഭീഷണി ഉയർത്തുന്നത്. 2018ലെ പ്രളയത്തിൽ അപകടകരമായ രീതിയിൽ ഉൾഭാഗം ഇടിഞ്ഞമർന്ന കിണർ പിന്നീട് പുതുക്കിപ്പണിയുകയോ മണ്ണിട്ടുമൂടുകയോ ചെയ്തിട്ടില്ല. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കിണറാണിത്.
പ്രളയ സമയത്ത് കിണർ നന്നാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലും അപകടകരമായ രീതിയിൽ അടിഭാഗം ഇടിഞ്ഞ കിണർ പുതുക്കിപ്പണിയാൻ കഴിയില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് നടപടികളൊന്നുമില്ലാതെ ഉപേക്ഷിച്ച കിണറാണ് കോളനി വീടുകൾക്ക് അരികിൽ മറ്റൊരു മഴക്കാല ദുരന്തത്തെ കാത്തിരിക്കുന്നത്.
കിണറിന്റെ അടിഭാഗം വലിയ ഗുഹപോലെ ഇടിഞ്ഞുതാഴുകയായിരുന്നു. മുകളിൽ നിന്ന് നോക്കിയാൽ ഇത് ശ്രദ്ധയിൽപെടില്ല. ശക്തമായ മഴ പെയ്താൽ ഇനിയും കിണറിനോട് ചേർന്ന ആ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുണ്ട്.
കിണറിനകത്തെ വലിയ ഗർത്തം വീണ്ടും ഇടിയുകയാണെങ്കിൽ സമീപത്തെ വീടുകൾക്ക് പോലും അത് ഭീഷണിയാവും. കിണറിന് മുകളിലെ കമ്പി വലയിൽ പഴകിയ സാധനങ്ങളും വിറകും വെച്ച് മൂടിയിരിക്കുകയാണ് ആദിവാസികൾ. അപകടനിലയിലുള്ള കിണർ പുതുക്കിപ്പണിയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.