ആറാം പ്രവൃത്തിദിനം പൂർത്തിയായതോടെ വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക്
text_fieldsവെള്ളമുണ്ട: ആറാം പ്രവൃത്തി ദിനത്തിന് ശേഷം നിരവധി വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയെന്ന് ആരോപണം. സർക്കാർ കണക്കെടുപ്പ് സമയത്ത് ഡിവിഷനുകൾ നിലനിർത്തുന്നതിന് കുട്ടികളെ എയ്ഡഡ് വിദ്യാലയങ്ങളിൽ ചേർക്കുകയും തലയെണ്ണലിന് ശേഷം നിരവധി വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയെന്നുമാണ് ആരോപണം.
ഇത്തരത്തിൽ മാറിയ വിദ്യാർഥികളുടെ കണക്കെടുക്കണം എന്ന ആവശ്യമുയരുന്നുണ്ട്. മാനന്തവാടി താലൂക്കിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വ്യാപകമായി വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയതിൽ ദുരൂഹതയുണ്ട്.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുറഞ്ഞ ദിവസം മാത്രം പൊതു വിദ്യാലയത്തിൽ ഇരിക്കുകയും പിന്നീട് സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറുകയും ചെയ്ത വിദ്യാർഥികളുടെ എണ്ണം നിരവധിയാണ്. വെള്ളമുണ്ടയിലെ ഒരു എയ്ഡഡ് വിദ്യാലയത്തിൽ നിന്ന് മാത്രം ഇരുപതോളം വിദ്യാർഥികൾ ആറാം പ്രവൃത്തി ദിവസത്തിനുശേഷം സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.
ആറാം പ്രവൃത്തി ദിവസം വരെ മാത്രമാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ കൃത്യമായി എത്തിക്കുന്നത്. പലരും ടി.സി. വാങ്ങാതെയാണ് സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറിയതെന്നും സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആറാം പ്രവൃത്തി ദിവസം കണക്കൊപ്പിക്കുന്നതിന് വേണ്ടി ചേർക്കുന്ന വിദ്യാർഥികളിൽ പലരും ആ വിദ്യാലയത്തിൽ തുടർ പഠനത്തിന് എത്താറില്ല.
സ്വകാര്യ വിദ്യാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾ വരെ ആറാം പ്രവൃത്തി ദിനത്തിൽ സമ്പൂർണയുടെ കണക്കിൽപെടുത്തി എണ്ണം വർധിപ്പിക്കുന്ന രീതി മുൻവർഷങ്ങളിൽ വിവാദമായിരുന്നു. പല എയ്ഡഡ് വിദ്യാലയങ്ങളിലും ഇല്ലാത്ത കുട്ടികളുടെ കണക്ക് കാണിച്ചാണ് ഡിവിഷൻ രൂപവത്കരിക്കുന്നതെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. പുതിയ ഡിവിഷനുണ്ടാക്കുന്നതിനും നിയമനം ഉറപ്പാക്കുന്നതിനും ഈയൊരൊറ്റ ദിവസത്തെ കണക്ക് മാത്രം മതിയെന്നതാണ് ചട്ടം.
ആറാം പ്രവൃത്തി ദിവസം വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണയിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികളെ കണക്കിൽപെടുത്തുകയും അടുത്ത ദിവസങ്ങളിൽ ടി.സി നൽകി പറഞ്ഞയക്കുകയും ചെയ്യുന്ന സംഭവങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ അറിഞ്ഞു കൊണ്ടാണെന്ന പരാതിയും ഉണ്ട്. മോതക്കര വാളാരംകുന്ന് കോളനിയിൽ നിന്നും കൊല്ലത്തെ സ്വകാര്യ വിദ്യാലത്തിലേക്ക് പോയ വിദ്യാർത്ഥികൾ പഠനം ഇടക്ക് നിർത്തി തിരിച്ചുവന്നത് ഒരാഴ്ച മുമ്പാണ്.
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും കൂട്ടത്തോടെ വിദ്യാർഥികൾ വിദ്യാലയം മാറുന്നത് ആരും അന്വേഷിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.