വേൽമുരുകൻ കൊല: തെളിവ് ഹാജരാക്കാം
text_fieldsകൽപറ്റ: പടിഞ്ഞാറത്തറ മീന്‍മുട്ടിയില്‍ നടന്ന വെടിവെപ്പിൽ മാവോവാദി വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തിലെ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിെൻറ ഭാഗമായി തെളിവ് ഹാജരാക്കാൻ അവസരം. സാക്ഷികള്‍, പൊതുജനങ്ങള്‍, വെടിവെപ്പില്‍ കൊല്ലപ്പെട്ട വേല്മുരുകെൻറ ബന്ധുക്കള്‍ എന്നിവര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് തെളിവ് ഹാജരാക്കാനോ എന്തെങ്കിലും ബോധിപ്പിക്കാനോ ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28നു രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ വയനാട് കലക്ടറുടെ മുമ്പാകെ നേരിട്ട് ബോധിപ്പിക്കാനാണ് അവസരം.
2020 നവംബർ മൂന്നിനാണ് സി.പി.ഐ (മാവോവാദി) കബനീ ദളത്തിലെ പ്രവർത്തകൻ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം പുതുക്കോട്ടൈ സ്വദേശി വേൽമുരുകൻ (32) കൊല്ലപ്പെട്ടത്. പടിഞ്ഞാറത്തറ കാപ്പിക്കളം വാളാരംകുന്ന് മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപത്തുവെച്ച് യൂനിഫോം ധരിച്ച മാവോവാദികൾ വെടിവെച്ചപ്പോൾ തിരിച്ചടിെച്ചന്നാണ് ജില്ല പൊലീസ് മേധാവിയായിരുന്ന ജി. പൂങ്കുഴലി അറിയിച്ചിരുന്നത്. എന്നാൽ, വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും പ്രതികരിച്ചത്. സംഭവസ്ഥലത്തേക്ക് തിരിച്ച മാധ്യമ പ്രവർത്തകരെ മൂന്നു കിലോമീറ്റർ ദൂരെ കാപ്പിക്കളത്ത് പൊലീസ് തടഞ്ഞിരുന്നു.
ഏറ്റുമുട്ടൽ നാട്ടുകാരിൽ പലരും അറിയുന്നത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയപ്പോഴായിരുന്നു. മാനന്തവാടി എസ്.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിൽ നക്സൽവിരുദ്ധ സേന പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോവാദികൾ പൊലീസിനുനേരെ വെടിയുതിർെത്തന്നാണ് പൊലീസ് നൽകിയ വിവരം. ഇതുപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് വയനാട് ജില്ല മജിസ്‌ട്രേറ്റ് കൂടിയായ അന്നത്തെ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയെ ചുമതലപ്പെടുത്തി 2020 നവംബർ 11നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്കാൻ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉത്തരവില്‍ നിർദേശിച്ചിരുന്നു. എന്നാൽ, അന്വേഷണം നീളുകയായിരുന്നു. നിലവിലെ വയനാട് കലക്ടർ എ. ഗീത മുമ്പാകെ തെളിവുകൾ ഹാജരാക്കാനാണ് ഇപ്പോൾ അവസരമൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.