നിയമസഭ മണ്ഡലങ്ങളിലെ വോട്ട് വിഹിതം: കൽപറ്റയിലും ബത്തേരിയിലും യു.ഡി.എഫ്, മാനന്തവാടിയിൽ എൽ.ഡി.എഫ്
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ടുകണക്കിൽ യു.ഡി.എഫിന് മേൽക്കൈ. കൽപറ്റയിലും ബത്തേരിയിലും വോട്ടു വിഹിതത്തിൽ യു.ഡി.എഫാണ് മുന്നിൽ. മാനന്തവാടിയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം.
കൽപറ്റ നിയമസഭ മണ്ഡലം
കൽപറ്റ മണ്ഡലത്തിൽ യു.ഡി.എഫ് (73,086 വോട്ടുകൾ), എൽ.ഡി.എഫ് (68,481), എൻ.ഡി.എ (14,601) എന്നിങ്ങനെയാണ് മുന്നണികൾക്ക് ലഭിച്ച വോട്ടുകൾ. 4,605 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. 72,959 വോട്ടുകൾ.
യു.ഡി.എഫിന് 59,876 വോട്ടുകളും എൻ.ഡി.എക്ക് 12,938 വോട്ടുകളുമാണ് അന്ന് ലഭിച്ചത്. കൽപറ്റ നഗരസഭ നഷ്ടപ്പെട്ടെങ്കിലും കൂടുതൽ വോട്ടുകൾ ലഭിച്ചത് എൽ.ഡി.എഫിനാണ്. 787 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് കൽപറ്റയിൽ നേടിയത്.
മണ്ഡലത്തിലെ മുട്ടിൽ, കോട്ടത്തറ, മേപ്പാടി പഞ്ചയത്തുകൾ യു.ഡി.എഫ് പിടിച്ചെടുക്കുകയും തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭരണം നിലനിർത്തുകയും ചെയ്തു. പൊഴുതന, വൈത്തിരി, വെങ്ങപ്പള്ളി എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പം നിന്നു.
ബത്തേരി നിയമസഭ മണ്ഡലം
ബത്തേരി നിയമസഭ മണ്ഡലത്തിൽ 1730 വോട്ടുകളുടെ നേരിയ മേൽക്കൈ മാത്രമാണ് യു.ഡി.എഫിനുള്ളത്. യു.ഡി.എഫ് (78,340 വോട്ടുകൾ), എൽ.ഡി.എഫ് (76,610), എൻ.ഡി.എ (24,947) എന്നിങ്ങനെയാണ് വോട്ടുവിഹിതം.
എന്നാൽ, എൽ.ഡി.എഫിെൻറ വോട്ടു വിഹിതത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ വൻ വർധനയുണ്ടായി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് (75,747), എൽ.ഡി.എഫ് (64,549), എൻ.ഡി.എ (27,920) എന്നതാണ് വോട്ടുനില. ബത്തേരി നഗരസഭ ഭരണം വൻഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നിലനിർത്തി.
എന്നാൽ, ഇടതു കോട്ടകളായ മീനങ്ങാടി, നൂൽപ്പുഴ, പൂതാടി പഞ്ചായത്തുകൾക്ക് പുറമെ, പുൽപള്ളി, നെന്മേനിയും യു.ഡി.എഫ് പിടിച്ചെടുത്തു. മുള്ളൻകൊല്ലിയിൽ ഭരണം നിലനിർത്തി. അമ്പലവയൽ എൽ.ഡി.എഫും പിടിച്ചെടുത്തു.
മാനന്തവാടി നിയമസഭ മണ്ഡലം
മാനന്തവാടി മണ്ഡലത്തിൽ എൽ.ഡി.എഫിനാണ് മേൽക്കൈ. നഗരസഭ ഭരണം അപ്രതീക്ഷിതമായി കൈവിട്ടെങ്കിലും യു.ഡി.എഫ് കോട്ടയായ വെള്ളമുണ്ട പഞ്ചായത്ത് എൽ.ഡി.എഫിന് പിടിച്ചെടുക്കാനായി. തൊണ്ടർനാട്, തിരുനെല്ലി പഞ്ചായത്തുകളിൽ ഭരണം നിലനിർത്തിനായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. എടവകയിൽ ഭരണം നിലനിർത്തി.
പനമരം പഞ്ചായത്തിൽ സീറ്റുകളിൽ ഒപ്പത്തിനൊപ്പമെത്തി. മണ്ഡലത്തിൽ എൽ.ഡി.എഫിന് (68,489), യു.ഡി.എഫിന് (64,733) എൻ.ഡി.എക്ക് (18,960) വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് (62,436), യു.ഡി.എഫിന് (61,129), എൻ.ഡി.എക്ക് (16,830) വോട്ടുകളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.