ബസ് കടയിലേക്ക് പാഞ്ഞുകയറി 50 പേർക്ക് പരിക്കേറ്റു
text_fieldsവൈത്തിരി: ദേശീയപാതയിൽ പഴയ വൈത്തിരിയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി വിദ്യാർഥികളടക്കം അമ്പതിലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലിനാണ് കോഴിക്കോട്-സുൽത്താൻ ബത്തേരി റൂട്ടിലോടുന്ന ഫാന്റസി ബസ് പഴയ വൈത്തിരി ജുമാ മസ്ജിദിനു എതിർവശത്തുള്ള സ്റ്റേഷനറി കടയിലേക്ക് ഇടിച്ചുകയറിയത്.
സ്‌കൂൾ സമയമായതിനാൽ വിദ്യാർഥികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ചാരിറ്റിയിലെ പോക്കറ്റ് റോഡിൽ നിന്ന് വിദ്യാർഥികളുമായി ദേശീയപാതയിലേക്ക് കയറിയ സ്‌കൂൾ ബസിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് റോഡരികിലെ വാഹനങ്ങളിൽ ഇടിച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തുടർന്ന് ബസ് നെല്ലങ്കര ഹംസയുടെ കടയിലേക്ക് പാഞ്ഞുകയറി. ഈ സമയം ഹംസ കടയിലുണ്ടായിരുന്നു. അപകടത്തിൽ ഹംസക്ക് സാരമായ പരിക്കേറ്റു. നാട്ടുകാരും വൈത്തിരി പൊലീസും മോട്ടോർ വാഹന വകുപ്പും അഗ്നിരക്ഷാസേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മുഴുവൻ പേരെയും കിട്ടിയ വാഹനങ്ങളിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. 57 പേരെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിൽ 11പേരെ മേപ്പാടിയിലെയും കൽപറ്റയിലെയും സ്വകാര്യ ആശുപത്രിയിലേക്കും രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ബസിന്റെ മുൻവശത്തെ ടയർ പൊട്ടി ഒരു വശത്തേക്ക് ചരിയുകയും റോഡിനു വിലങ്ങനെ കിടക്കുകയും ചെയ്തതോടെ ദേശീയപാതയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ജെ.സി.ബി ഉപയോഗിച്ച് ബസ് മാറ്റിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
ഡ്രൈവർ താമരശ്ശേരി സ്വദേശി സജീവനും(33) കൈക്ക് പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞു ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ ആശുപത്രി പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
വൈകീട്ടോടെ പഴയ വൈത്തിരി തങ്ങൾകുന്നു സ്വദേശി എൻ. ഹംസ, വാഴവറ് സ്വദേശി മെൽവിൻ, താമരശ്ശേരി സ്വദേശികളായ സുധീർ, സ്നേഹ എന്നിവരൊഴികെ മറ്റെല്ലാവരേയും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കൽപറ്റ: പഴയ വൈത്തിരിയിൽ ഉണ്ടാകുമായിരുന്ന വൻദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. നിറയെ യാത്രക്കാരുമായി അത്യാവശ്യം വേഗതയിലായിരുന്ന ബസ് പഴയ വൈത്തിരി അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോഴാണ് കുട്ടികളുമായി ചാരിറ്റി റോഡിൽ നിന്ന് കൽപറ്റയിലെ സ്വകാര്യ സ്‌കൂൾ ബസ് റോഡിലേക്ക് കയറിയത്.
ഫാന്റസി ബസിലെ ഡ്രൈവർ സ്‌കൂൾ ബസിലിടിക്കാതിരിക്കാൻ വെട്ടിച്ചതോടെ റോഡിന്റെ ഇടതുവശത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഉരസിയ ശേഷം നിയന്ത്രണം വിട്ടു വലതുവശത്തുള്ള സ്റ്റേഷനറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസ് വെട്ടിച്ചതിനാൽ സ്കൂൾ ബസിൽ ഇടിക്കാതെ ദുരന്തം ഒഴിവാക്കുകയായിരുന്നു താമരശ്ശേരി സ്വദേശിയായ ഡ്രൈവർ സജീവൻ ചെയ്തത്. മുന്നോട്ടെടുത്ത സ്‌കൂൾ ബസിന്റെ മുൻവശത്ത് ഉരസിയിരുന്നു. ഇതിനു ശേഷം ഓട്ടോയിലും ബൈക്കിലുമിടിച്ചാണ് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽപെട്ട കടയുടെ മുന്നിലും വശത്തുമായി നിരവധി പേർ നിൽപുണ്ടായിരുന്നു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.
കെട്ടിടത്തിനും ബസിനും സാരമായ കേടുപാട് സംഭവിച്ചു. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ചാരിറ്റി റോഡിൽ നിന്ന് ദേശീയപാതയിലേക്കു തിരിയുന്നിടത്തു ആവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത് പരാതിക്കിടയാക്കുന്നുണ്ട്. സ്‌കൂൾ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായി വൈത്തിരി പൊലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ ചിലരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടിവന്നു. പ്രാപ്യമായ ദൂരത്ത് സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള വിദഗ്ധ ചികിത്സാകേന്ദ്രങ്ങൾ ജില്ലയിൽ ഇല്ലാത്തതിന്റെ പ്രയാസം ഇന്നലെയുണ്ടായ അപകടവും ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.