ലക്കിടിയിലെ വാഹനാപകട മരണം: നിർത്താതെ പോയ ലോറി പിടികൂടി
text_fieldsവൈത്തിരി: ഈദുൽ ഫിത്ർ ദിനത്തിൽ ലക്കിടിയിൽ വാഹനാപകടത്തിൽ കൽപറ്റ സ്വദേശിയായ യുവാവ് മരിക്കാനിടയായ സംഭവത്തിൽ നിർത്താതെ പോയ പാർസൽ ലോറി പൊലീസ് പിടികൂടി. മലപ്പുറം തിരൂരിൽവെച്ചാണ് പ്രത്യേക അന്വേഷണ സംഘം കർണാടക രജിസ്‌ട്രേഷനുള്ള പാർസൽ ലോറിയും ഡ്രൈവർ മൈസൂരു സ്വദേശി ശശികുമാറിനെയും കസ്റ്റഡിയിലെടുത്തത്.
മുത്തങ്ങ മുതൽ കോഴിക്കോട് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കൽപറ്റ ഡിവൈ.എസ്.പി എം.ഡി. സുനിലിന്‍റെ മേൽനോട്ടത്തിൽ രൂപം നൽകിയ പ്രത്യേക സംഘം ലോറി കണ്ടെത്തിയത്. വൈത്തിരി എസ്.ഐ സത്യൻ, സി.പി.ഒമാരായ വിപിൻ, രാകേഷ് കൃഷ്ണ, ദേവ്ജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൽപറ്റ ഗൂഡലായിക്കുന്ന് സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് ഹർഷൽ (20) ആണ് ലക്കിടി ഓറിയന്‍റൽ കോളജിനടുത്തുവെച്ചു നടന്ന അപകടത്തിൽ ദാരുണമായി മരിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തിൽ തട്ടി റോഡിൽ വീണ ഹർഷലിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
അപകടമുണ്ടായതിനെ തുടർന്ന് ലോറി നിർത്താതെ പോയി. ഹർഷലിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ ലോറി പരിശോധിച്ചു. ലോറി ഇപ്പോൾ വൈത്തിരി പൊലീസ് കസ്റ്റഡിയിലാണുള്ളത്. മണിക്കൂറുകൾ നീണ്ട വിശ്രമമില്ലാത്ത പരിശോധനയിലാണ് വൈത്തിരി പൊലീസിന് എടുത്തുപറയാവുന്ന നേട്ടമായി ലോറി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.