പഴയ വൈത്തിരിയിൽ അപകടം പതിവ്: സുരക്ഷ ഒരുക്കാതെ അധികൃതർ അമിത വേഗവും
text_fieldsവൈത്തിരി: കഴിഞ്ഞ ദിവസം ദേശീയപാതയിൽ പഴയ വൈത്തിരിയിലുണ്ടായ ബസപകടം റോഡ് സുരക്ഷ സംവിധാനത്തിന്റെ പാളിച്ചകളിലേക്ക് വിരൽചൂണ്ടുന്നു. ബസിനടിയിൽപെട്ട് കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് ഇപ്പോൾ അപകടം നടന്ന സ്ഥലത്തുനിന്നും മീറ്ററുകൾ അകലെയാണ്.
വൈത്തിരിയിലും പഴയ വൈത്തിരിയിലും ഗതാഗത ലംഘനങ്ങൾ കണ്ടില്ലെന്നു നടിച്ചു ബന്ധപ്പെട്ടവർ കടന്നുപോകുന്നതും ഗതാഗത സുരക്ഷ സംവിധാനങ്ങൾ ഒരുക്കാത്തതുമാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. പൊലീസ്, ഹൈവേപൊലീസ്, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയവ നോക്കുകുത്തിയാവുമ്പോൾ അപകടം വർധിക്കുന്നു.
അമിത വേഗവും അമിത ഭാരവും പരിശോധിക്കാൻ നടപടിയുണ്ടാവുന്നില്ല. വയനാട് ചുരത്തിലും എൻ ഊര് ഗോത്രഗ്രാമ പ്രവേശന കവാടത്തിലും വാഹനക്കുരുക്കിൽപെട്ട് ആംബുലൻസടക്കം വലയുമ്പോൾ സന്നദ്ധ പ്രവർത്തകരല്ലാതെ അധികൃതർ ഈ ഭാഗത്ത് ഉണ്ടാവാറില്ല.
നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളുമുള്ള പ്രദേശമാണ് പഴയ വൈത്തിരിയോട് ചേർന്ന പ്രദേശങ്ങൾ. പൂഞ്ചോല, വട്ടപ്പാറ, ചാരിറ്റി, മുള്ളൻപാറ എന്നിവിടങ്ങൾ ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ്. ചെറുതും വലുതുമായ നിരവധി റിസോർട്ടുകൾ ഉള്ള മേഖലയാണിത്.
അതിനാൽ ഈ ഭാഗത്തുനിന്നും ദേശീയപായിലേക്ക് നിരവധി വാഹനങ്ങളാണ് ദിവസവും കയറുന്നത്. ദേശീയപാതയിൽ നിന്ന് ചാരിറ്റിയിലേക്കു തിരിയുന്നിടത്തുള്ള പാലം ഇപ്പോൾ അപകടാവസ്ഥയിലാണ്. വീതികുറഞ്ഞ ഈ പാലത്തിലൂടെ ഒറ്റവരിയായി മാത്രമേ വാഹനങ്ങൾ കടന്നുപോകുകയുള്ളൂ. ഇവിടെ എവിടെയും ഒരു ദിശാബോർഡ് പോലുമില്ല.
പഴയ വൈത്തിരി വികസിക്കുന്ന അങ്ങാടിയാണ്. വാഹന പാർക്കിങ് പ്രശ്നം ഇവിടെയും രൂക്ഷമാണ്. അനധികൃത പാർക്കിങ്ങുകൾ നിയന്ത്രിക്കാനും നടപടിയുണ്ടാവുന്നില്ല. ചാരിറ്റി റോഡിൽ നിന്ന് കയറിവന്ന സ്‌കൂൾ ബസിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഉരസി നിയന്ത്രണം വിട്ടാണ് വെള്ളിയാഴ്ച സ്വകാര്യ ബസ് അപകടത്തിൽപെട്ടത്.
പരിസരത്തു വിദ്യാലയങ്ങളുണ്ടെന്ന ബോർഡുകൾ എവിടെയുമില്ല. സ്‌കൂൾ സമയങ്ങളിൽ റോഡരികിൽ ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കണമെന്ന് പഴയ വൈത്തിരിയിലെ സാമൂഹിക പ്രവർത്തകനായ കെ.വി. ഫൈസൽ ആവശ്യപ്പെടുന്നു.
ആവശ്യമായ ഭാഗങ്ങിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്നും വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് ഏരിയകൾ നിർണയിച്ചുകൊടുക്കണമെന്നും വ്യാപാരികളടക്കം ആവശ്യപ്പെടുന്നു.
വീതികുറഞ്ഞ പോക്കറ്റ് റോഡുകളിൽ പാർക്കിങ് നിരോധിക്കണമെന്നും പരസ്യങ്ങൾ ദിശാബോർഡുകൾ മറയ്ക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.