ചുരമല്ലേ! സൂക്ഷിക്കുക
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു. ഒരു അപകടമെങ്കിലും ഇല്ലാത്ത ദിവസം കടന്നുപോകുന്നില്ല. അപകടങ്ങളിൽ ഏറിയ പങ്കും അമിതവേഗം മൂലമുണ്ടാകുന്നവയാണ്.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. അമിതവേഗത്തിൽ മുന്നിൽ കയറാൻ ശ്രമിക്കുന്നതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. വളവുകളിൽ മറികടക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നു. ഇപ്പോൾ ചുരത്തിലെവിടെയും ഈ ബോർഡുകളില്ല. ഉണ്ടെങ്കിൽ തന്നെ ആരും ശ്രദ്ധിക്കുന്നുമില്ല.
ബൈക്കുകളിൽ കൂട്ടമായി യാത്രചെയ്യുന്ന യുവാക്കൾ ഒന്നിച്ചു പോകാനുള്ള വ്യഗ്രതയിൽ നിയമം ലംഘിച്ചു മറികടന്നെത്തുന്നത് അപകടങ്ങളിലേക്കാണ്. ഇതര ജില്ലകളിൽനിന്നു ജില്ലയിലേക്ക് വരുന്ന ചെറുവാഹനങ്ങളും ഇതുപോലെ മുന്നിൽ കയറാൻ ശ്രമിക്കുന്നതുമൂലം അപകടം ക്ഷണിച്ചുവരുത്തുന്നു. ചുരത്തിൽ കഴിഞ്ഞമാസം ഉണ്ടായ അറുപതിലധികം അപകടങ്ങളിൻ എല്ലാറ്റിലും ഒരു ഭാഗത്ത് ചുരം കയറുന്ന ടിപ്പർ, ടോറസ് ലോറികളുടെ എണ്ണത്തിലുണ്ടായ വർധനയാണ്. നൂറുകണക്കിന് ടോറസുകളാണ് ദിവസവും ചുരം കയറുന്നത്. ഇതിൽ മിക്കതും അനുവദിക്കപ്പെട്ടതിെൻറ ഇരട്ടി ഭാരവുമായാണ് ചുരത്തിലൂടെ സഞ്ചരിക്കുന്നത്.
അമിതഭാരത്തോടൊപ്പം അമിതവേഗവും ഇത്തരം ലോറികൾക്ക് പറഞ്ഞിട്ടുള്ളതാണ്. പതിനാറിലധികം ചക്രങ്ങളുള്ള മൾട്ടി ആക്സിൽ ലോറികൾ ചുരത്തിലൂടെ സഞ്ചരിക്കുന്നത് അപകടമുണ്ടാക്കുക മാത്രമല്ല, പലപ്പോഴും ഹെയർപിൻ വളവുകളിൽ കുടുങ്ങി മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുണ്ട്. ഇത്തരം ലോറികൾ 40ന് മുകളിൽ ടൺ ഭാരമുള്ള ലോഡുമായാണ് ചുരത്തിലൂടെ പോകുന്നത്. കോവിഡ് മൂലം കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം കുറവാണെങ്കിലും ചുരത്തിൽ അപകടമുണ്ടാക്കുന്നതിൽ ഈ ബസുകളുടെ പങ്കും കുറവല്ല. ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗങ്ങളിൽ മിക്ക ഭാഗങ്ങളിലും ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
ഒന്ന്, ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ വലിയ വാഹനങ്ങൾ കുടുങ്ങുന്നത് പതിവു സംഭവമാണ്. പതിനാലും പതിനെട്ടും ചക്രങ്ങളുള്ള ചരക്കു ലോറികളും പത്തും നാൽപതും ടൺ ഭാരം കയറ്റി വരുന്ന ടോറസുകളും ഇത്തരം കുഴികളിൽ കുടുങ്ങുന്നതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ചുരത്തിലുണ്ടാകുന്നത്. അടിവാരം മുതൽ ചുണ്ടേൽ വരെ വാഹനനിര നീണ്ട ദിവസവുമുണ്ട്. സുരക്ഷഭിത്തികൾ പലയിടത്തും തകർന്നിട്ടുണ്ട്. ലോഡിെൻറ എണ്ണം കൂട്ടാൻ പായുന്ന ടോറസുകളും അമിതവേഗത്തിലാണ് ലോഡിറക്കി ചുരമിറങ്ങുന്നത്.
ചുരം വ്യൂ പോയൻറിൽ റോഡ് പാടെ തകർന്ന നിലയിലാണ്. ദേശീയപാത 766 നവീകരണ പ്രവൃത്തികളിൽ ചുരം റോഡിെൻറ പണിയും പാസായിട്ടുണ്ട്.
ദേശീയപാതയുടെ ഒന്നാം ഘട്ടം നെല്ലാങ്കണ്ടി മുതൽ അടിവാരം വരെയുള്ള പണികൾ തുടങ്ങിയിട്ടുണ്ട്. ചുരത്തിൽ വാഹന നിയന്ത്രണം നടപ്പാക്കാനുള്ള പൊലീസിെൻറ എണ്ണം തീരെ കുറവാണ്. അടിവാരം എയ്ഡ് പോസ്റ്റിലെ പൊലീസുകാരാണ് ചുരത്തിലെ കാര്യങ്ങൾ നോക്കുന്നത്.
ഇവർക്ക് ലക്കിടി കവാടത്തിൽ എയ്ഡ് പോസ്റ്റുണ്ട്. എന്നാൽ, ആവശ്യത്തിന് പൊലീസുകാരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അമിതവേഗവും അമിതഭാരവും വാഹനങ്ങൾക്കു മുന്നിൽ കയറാൻ ശ്രമിക്കുന്നതും നിയന്ത്രിച്ചാൽ തന്നെ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി പറയുന്നു. അതിനുള്ള സംവിധാനങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.