ആനമല ആദിവാസി പുനരധിവാസം ഉടൻ പൂർത്തിയാകും
text_fieldsവൈത്തിരി: നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആനമല കോളനിയിലെ 16 കുടുംബങ്ങളുടെ പുനരധിവാസം യാഥാർഥ്യത്തിലേക്ക്. ആദിവാസികൾക്ക് പതിച്ചുകിട്ടിയ ഭൂമിയിൽ അധികൃതർ പുനരധിവാസ വീടുകളുടെ നിർമാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് തങ്ങളുടെ സ്ഥലം കൈയേറി അനധികൃതമായി പ്രവൃത്തികൾ നടത്തുന്നുവെന്ന് ആരോപണമുന്നയിച്ച് എം.ആർ.എസ് അധികൃതരും സ്‌കൂൾ പി.ടി.എ കമ്മിറ്റിയും പണി നിർത്തിവെപ്പിച്ചത്. ഈ ആദിവാസി കുടുംബങ്ങൾക്കെതിരെ സ്ഥലം കൈയേറി വീടുണ്ടാക്കിയെന്ന പേരിൽ പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തു.
2018ലെ പ്രളയത്തെ തുടർന്ന് ഭവനരഹിതരായ ആദിവാസി കുടുംബങ്ങളെ പൂക്കോട് നവോദയ സ്‌കൂൾ ഗേറ്റിനടുത്തുള്ള താൽക്കാലിക ഷെഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. വീടുപണി നിലച്ചതിനാൽ ഈ ഷെഡിൽ 16 കുടുംബങ്ങൾ ദുരിതപൂർണമായ ജീവിതമാണ് നാലു വർഷമായി നയിച്ചിരുന്നത്. ഇവിടെ താമസിച്ചിരുന്നവരിൽ നാലുപേർ ഇതിനിടെ മരിച്ചു. ഈ ആദിവാസികളുടെ ഷെഡ് പോലും പൊളിച്ചുനീക്കാൻ ശ്രമമുണ്ടായിരുന്നു.
പൂക്കോട് ഡെയറി പ്രോജക്ടിന്റെ ഉദയം
1977ലാണ് ഭൂരഹിത ആദിവാസികളുടെ പുനരധിവാസം ലക്ഷ്യംവെച്ച് അന്നത്തെ അച്യുതമേനോൻ സർക്കാർ പൂക്കോട്, സുഗന്ധഗിരി മേഖലയിൽ പൂക്കോട് ഗിരിജൻ കലക്ടിവ് ഫാമിങ് സൊസൈറ്റിക്ക് രൂപം നൽകിയത്. ഇതാണ് പിന്നീട് സഹകരണ മേഖലയിൽ പൂക്കോട് ഡെയറി പ്രോജക്ടായി രൂപപ്പെട്ടത്. ഇന്ദിര ഗാന്ധി കൊണ്ടുവന്ന പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇരുപതിന പരിപാടിയിൽ കെ. കരുണാകരൻ പ്രത്യേകം താൽപര്യമെടുത്താണ് ഈ പദ്ധതി നടപ്പാക്കിയത്. ആദ്യം പ്രോജക്ട് ഇല്ലാതെ സൊസൈറ്റി വന്നതിനാൽ അന്ന് ഈ മേഖലയിൽ നിർമിച്ച കെട്ടിടങ്ങളൊക്കെ സൊസൈറ്റിയുടെ ഉടമസ്ഥതയിലായി. പ്രോജക്ട് കഴിഞ്ഞ ശേഷവും സൊസൈറ്റി നിലനിൽക്കാൻവേണ്ടി അന്നത്തെ അഗ്രികൾചർ പ്രൊഡക്ഷൻ കമീഷണർ ഇ. മാധവമേനോന്റെ ശ്രമഫലമായി കെ. കരുണാകരന്റെ പ്രത്യേക നിർദേശപ്രകാരം 1100 ഏക്കറിൽ 110 കുടുംബങ്ങൾ 222 പശുക്കളുമായാണ് ഡെയറി ഫാം തുടങ്ങിയത്. ഇതിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരും പ്രാക്തന വിഭാഗത്തിൽപെട്ടവരുമായിരുന്നു.
സമരത്തിനിറങ്ങി ആദിവാസികൾ
ആദ്യത്തെ ബോർഡിൽ അഞ്ച് ആദിവാസികളടങ്ങിയ ഡയറക്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ജില്ല കലക്ടർ എക്സ് ഒഫിഷ്യോ ആയാണ് ബോർഡ് പ്രവർത്തിച്ചിരുന്നത്. നിക്ഷിപ്ത വനഭൂമിയായിരുന്ന സ്ഥലം അഞ്ചേക്കർ വീതം ആദിവാസികൾക്ക് കൊടുക്കുകയും ചെയ്തിരുന്നു. പതിച്ചുകിട്ടിയ ഭൂമിയിൽ പുൽകൃഷിയും കന്നുകാലി വളർത്തലും ക്ഷീരോൽപാദനവുമായിരുന്നു പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം കൈവരിച്ച് ആദിവാസികൾ സ്വയം പര്യാപ്തത നേടുന്ന അവസരത്തിലാണ് ഐ.ടി.ഡി.പിയിലെ ചില ഉദ്യോഗസ്ഥർ ആദിവാസികളെ സമരത്തിലിറക്കുന്നത്. പതിച്ചുകിട്ടിയ ഭൂമി കൂട്ടുകൃഷിക്ക് ഉപയോഗിക്കരുതെന്നും അഞ്ചേക്കർ വീതം സ്ഥലത്തിന് ഭൂരേഖ ആവശ്യപ്പെടുകയും ചെയ്ത് 2001 മുതൽ 2003വരെ സമരം നടത്തി. തുടർന്ന് ഭൂമി കൂട്ടുകൃഷിയിൽനിന്ന് തിരിച്ചുവാങ്ങി അവർക്കായി വീടുവെക്കാൻ നൽകുകയും ചെയ്തു.
സുപ്രീംകോടതി വിധി കാറ്റിൽപറത്തി നിർമാണം
ഈ സമയത്താണ് സുപ്രീംകോടതി സുപ്രധാന വിധിന്യായത്തിലൂടെ ഭൂരഹിതരും അടിമകളുമായ ആദിവാസികളുടെ പുനരധിവാസത്തിനുവേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാൻ പാടുള്ളൂ എന്ന് നിർദേശിച്ചത്. സുപ്രീംകോടതിയുടെ ഈ വിധി ലംഘിച്ചാണ് 100 ഏക്കറിൽ പൂക്കോട് സർവകലാശാല 25 ഏക്കറിൽ ജയിൽ, 15 ഏക്കറിൽ നവോദയ സ്‌കൂൾ, 20 ഏക്കറിൽ എം.ആർ.എസ് തുടങ്ങിയ സ്ഥാപനങ്ങൾ നിർമിച്ചത്.
ഇത് സുപ്രീംകോടതിയുടെയും ഒപ്പം ഗ്രീൻ ട്രൈബ്യൂണലിന്റെയും വിധിയുടെ ലംഘനമാണ്. ഈ രണ്ടു നീതിപീഠങ്ങളും നിർമാണപ്രവർത്തനങ്ങൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഭൂമി ഉപയോഗിക്കാൻ പാടില്ലെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അതിനിടെ, ആനമല കോളനിയിലെ 16 കുടുംബങ്ങളുടെ പുനരധിവാസ വീടുകളുടെ നിർമാണം മഴക്കാലത്തിനു മുമ്പുതന്നെ പൂർത്തീകരിക്കാനും നാലു വർഷമായി താൽക്കാലിക ഷെഡിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.