വെറുമൊരു യാത്രയല്ല; സന്ദേശയാത്ര
text_fieldsവൈത്തിരി: അസമിലെ ഗുവാഹതി സ്വദേശിയായ ബിപുൽ കാലിത എന്ന ബബ്ലൂ സൈക്കിളുമായി ഇന്ത്യ ചുറ്റാൻ തുടങ്ങിയിട്ട് അഞ്ചുമാസമാകുന്നു. ഭാരതത്തിൽ നടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരതക്കും മാലിന്യത്തൊട്ടികളിൽനിന്നും കുപ്പകളിൽനിന്നും ഭക്ഷണം പെറുക്കി കഴിക്കേണ്ടിവരുന്ന പാവങ്ങളുടെ രക്ഷക്കും സന്ദേശമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏപ്രിൽ രണ്ടിന് ഗുവാഹതിയിലെ കമഖ്യ ജങ്ഷനിൽനിന്ന് യാത്രതിരിച്ചത്.
സൈക്കിളിൽ 15,000ത്തിലധികം കിലോമീറ്റർ ഇന്ത്യ മുഴുവൻ താണ്ടുവാൻ 365 ദിവസം നീളുന്ന പര്യടനമാണ് തുടങ്ങിയത്. ഇതോടൊപ്പം കുഞ്ഞുങ്ങൾ വീണുപോകുന്ന ലഹരി ലോകത്തുനിന്ന് രക്ഷപ്പെടുത്തിയെടുക്കേണ്ട സമയമാണിതെന്നും ബിപുൽ പറയുന്നു. പശ്ചിമ ബംഗാൾ, ബിഹാർ, യു.പി, ഹരിയാന, ന്യൂഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട ശേഷമാണു കേരളത്തിലെത്തിയത്. ഇവിടെനിന്നും തമിഴ്നാട്, ആന്ധ്ര, ഒഡിഷ, ഛത്തീസ്ഗഢ്, തെലങ്കാന, മധ്യപ്രദേശ് എന്നീ പ്രദേശങ്ങൾ താണ്ടി ബംഗാൾ വഴി അസമിലെത്താനാണ് ലക്ഷ്യം.
നാട്ടിൽ ഡി.ടി.പി ഓപറേറ്ററായി ജോലി ചെയ്യുന്നതിനിടയിലാണ് ഇങ്ങനെയൊരാശയം ബിപുലിന്റെ മനസ്സിലുദിക്കുന്നത്. 42കാരനായ ബിപുലിനു ഭാര്യയും ബിരുദത്തിനു പഠിക്കുന്ന മകനുമുണ്ട്. തന്റെ സന്ദേശത്തിനു എല്ലായിടത്തും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് ബിപുൽ പറഞ്ഞു. ഇദ്ദേഹം ഒരു വൃക്ക ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.