ഏലച്ചെടികള്‍ക്കു തണ്ടുചീയല്‍ കര്‍ഷകര്‍ ആശങ്കയിൽ
text_fieldsവൈത്തിരി: ഏലച്ചെടികള്‍ക്ക് തണ്ടുചീയല്‍ രോഗം പിടിപെട്ടത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. രോഗം ബാധിച്ച ചെടികളില്‍ കായ പിടിക്കാതെ ഉൽപാദനം കുറയുന്നതിന്‍റെ സങ്കടത്തിലാണ് കര്‍ഷകര്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ അധികമഴയാണ് തണ്ടുചീയലിനു പ്രധാനമായും കാരണമായത്. മഴ മറ്റുവിളകളെക്കാള്‍ ബാധിച്ചത് ഏലകൃഷിയെയാണ്.
തണ്ടുകള്‍ മഞ്ഞനിറമായി ഇലകള്‍ കരിഞ്ഞ് ചെടികള്‍ നശിക്കുകയാണിപ്പോള്‍. ജൈവരീതിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ രോഗത്തെ പ്രതിരോധിക്കാനാകാതെ വിഷമിക്കുന്നു.
രോഗപ്രതിരോധത്തിനു ഏതു മരുന്നാണ് പ്രയോഗിക്കേണ്ടതെന്ന് നിശ്ചയമില്ലെന്നു കര്‍ഷകര്‍ പറയുന്നു. ആദായകരമായ വില ലഭിക്കാത്തതിനാല്‍ ഏലം കൃഷിയില്‍ പിടിച്ചുനില്‍ക്കാന്‍ കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. അതിനിടെയാണ് തണ്ടുചീയല്‍ രോഗവും ഇരുട്ടടിയാവുന്നത്.
ഈ രോഗത്തിന് കാരണം കുമിൾ ആണ്. തളിരിലകളിൽ കടും പച്ച നിറത്തിൽ നനവുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്‍റെ പ്രാരംഭലക്ഷണം. ക്രമേണ ഈ പാടുകൾ വലുതാകുകയും ഇലകൾ പൂർണമായും നശിക്കുകയും ചെയ്യുന്നു.
തണ്ടുകളെ പൊതിഞ്ഞുനിൽക്കുന്ന ഇളം പോളകൾ, ചെടിയുടെ മണ്ണിനടിയിലുള്ള ഭാഗങ്ങൾ, പൂങ്കുലകൾ, കായ്കൾ എന്നിവയും നശിക്കുന്നു.
മലബാർ, മൈസൂർ, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് പണ്ടുമുതലേ കേരളത്തിൽ കൃഷിചെയ്ത് വരുന്നവ. മലബാർ ഇനം സമുദ്രനിരപ്പിൽനിന്ന് 600 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരത്തിൽ കൃഷി ചെയ്യുന്നവയാണ്.
മൈസൂർ, വഴുക്ക ഇനങ്ങൾ 900 മീറ്റർ മുതൽ 1200 മീറ്റർ വരെയുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യുന്നു. സങ്കരയിനം തൈകളും കൃഷിചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.