ചുരം ബൈപാസ് റോഡ്; ഇനിയുമെത്ര കാത്തിരിക്കണം?
text_fieldsവൈത്തിരി: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ഒഴിയാബാധയായി മാറുമ്പോൾ നിർദിഷ്ട ബൈപാസ് റോഡ് വീണ്ടും ചർച്ചയാവുന്നു. 25 വർഷത്തോളമായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡിനുവേണ്ടി മുറവിളി ഉയരാൻ തുടങ്ങിയിട്ട്.
ചുരം കുരുക്കിലമർന്നു ശ്വാസംമുട്ടുമ്പോഴും ബൈപാസ് റോഡിന് വേണ്ടിയുള്ള അപേക്ഷകളും നിവേദനങ്ങളും ഇപ്പോഴും ഫയലുകളിൽ ഉറങ്ങികിടക്കുകയാണ്. മാറിമാറി വരുന്ന സർക്കാറുകളും ജനപ്രതിനിധികളും വയനാട് ജില്ലയോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും നല്ല ഉദാഹരമാണ് ബൈപാസ് റോഡിനോടുള്ള അവഗണന. മുൻകാല സർക്കാർ ഈ പദ്ധതിക്കുവേണ്ടി രണ്ടു തവണ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി.
ബജറ്റിൽ ടോക്കൺ ഫണ്ട് വകയിരുത്തുകയും ചെയ്തു. 2006ൽ അന്നത്തെ പൊതുമരാമത്തു മന്ത്രി രണ്ടു വർഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇതിനു ശേഷം 17 വർഷം കഴിഞ്ഞിട്ടും ഇത് പ്രാബല്യത്തിൽ കൊണ്ടുവരാൻ തയാറായില്ല. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ സർക്കാറിന്റെയും ജനപ്രതിനിധികളുടെയും കണ്ണുതുറപ്പിക്കാൻ ഈ പദ്ധതിക്കുവേണ്ടി രൂപംകൊണ്ട വയനാട് ചുരം ബൈപാസ് റോഡ് കർമസമിതി നിരവധി സമരങ്ങൾ നടത്തിയിരുന്നു.
കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന സുപ്രധാന ദേശീയ പാത കടന്ന് പോകുന്ന ചുരം റോഡിന്റെ ദയനീയ അവസ്ഥക്ക് പരിഹാരം ഈ നിർദിഷ്ട ബൈപാസ് റോഡ് നിർമാണം നടപ്പാക്കുക എന്നത് മാത്രമാണ്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് റോഡ് യാഥാർഥ്യമാകുന്നതിനു നിക്ഷിപ്ത വനഭൂമിയുടെ ഒരുഭാഗം വിട്ടുകൊടുക്കേണ്ടിവരും. ഇതിനാണ് സർക്കാർ മുൻഗണന നൽകേണ്ടത്.
ഇനിയെങ്കിലും ചുരത്തിലൂടെ സഞ്ചരിക്കുന്ന ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും വയനാട് ചുരം ബൈപാസ് റോഡ് കർമസമിതി ചെയർമാൻ വി.കെ. ഹുസൈൻകുട്ടിയും കൺവീനർ ടി. ആർ. ഓമനക്കുട്ടനും ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.