വൈത്തിരി സബ് ജയിലിൽ 26 തടവുകാർക്ക് കോവിഡ്; ബാക്കിയുള്ള വർക്കും ലക്ഷണം
text_fieldsവൈത്തിരി: തടവുകാരെ കൊണ്ട് തിങ്ങി നിറഞ്ഞ വൈത്തിരി സ്‌പെഷ്യൽ സബ് ജയിലിൽ പകുതിയിലധികം പേർക്കും കോവിഡ് സ്ഥിരീകരിച്ചു. എട്ടു സെൽ മുറികളിൽ ഈരണ്ടു പേര് വീതം പരമാവധി 16 പേരെ താമസിപ്പിക്കേണ്ടിടത്ത് 43 തടവുകാരെയാണ് താമസിപ്പിച്ചിട്ടുള്ളത്. ഇതിൽ 26 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള മുഴുവൻ പേർക്കും കോവിഡ് ലക്ഷണവുമുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവരെ വീണ്ടും ജയിലിൽ കൊണ്ടുവന്നു 'അട്ടിക്ക്' ഇട്ടിരിക്കുകയാണ്. തടവുകാരുടെ ജയിലിലെ അവസ്ഥ ഏറെ പരിതാപകരമാണ്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച രണ്ടുപേർക്ക് മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം ഇട്ടിരിക്കുന്നത്. ആകെയുള്ള എട്ടു മുറികളിൽ ഒരെണ്ണം പാചകപ്പുര കൈകാര്യം ചെയ്യുന്നവർക്ക് താമസിക്കാനുള്ളതാണ്. ഒരെണ്ണം പുതുതായി വരുന്നവർക്കും മറ്റൊരെണ്ണം കോവിഡ് പോസിറ്റിവായി എത്തുന്നവർക്കും. ബാക്കി അഞ്ചെണ്ണത്തിലാണ് ഇത്രയും പേരെ തിരുകി കയറ്റിയിരിക്കുന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ മുറികളും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഒരാൾക്ക് പോസിറ്റിവായാൽ ബാക്കിയുള്ളവർക്ക് രോഗം പകരാൻ നിമിഷ നേരം മതി. ഇപ്പോൾ രോഗം വ്യാപിച്ചതും ഇങ്ങിനെയാണ്. പോസിറ്റിവായ തടവുകാരാണ് ജയിലിൽ ഭക്ഷണമുണ്ടാക്കുന്നതും. ജയിലിൽ മൂന്ന് ശൗചാലയങ്ങളാണുള്ളത്. തടവുകാരുടെ എണ്ണം കൂടിയാലും മറ്റു സജ്ജീകരണങ്ങളൊന്നുമില്ല.
ജയിലിലെ അസൗകര്യങ്ങളും കോവിഡ് കാലത്തെ പ്രതിസന്ധികളും തടവുകാരുടെ ബാഹുല്യവും അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മറ്റുദ്യോഗസ്ഥരെയും വിവരങ്ങൾ ധരിപ്പിച്ചുണ്ടെങ്കിലും കാര്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല.
മാനന്തവാടിയിലെ ജില്ലാ ജയിൽ ഇതിനേക്കാൾ വലുപ്പമുള്ളതും 200 പേരെ ഒരേ സമയം താമസിപ്പിക്കാൻ സൗകര്യമുള്ളതുമാണ്. എന്നാൽ, ഇപ്പോൾ അവിടെ 70 തടവുകാർ മാത്രമാണുള്ളത്. മാനന്തവാടിയിലെ വനിതാ സെൽ ഇപ്പോൾ കോഴിക്കോട്ടേക്ക് മാറ്റിയിട്ടുണ്ട്. പുതുതായി വരുന്നവരെ ഈ സെല്ലിലാണ് പ്രവേശിപ്പിക്കുന്നത്. മാനന്തവാടിയിൽ ഇത്രയധികം സൗകര്യവും ഒഴിവുകളുമുണ്ടെങ്കിലും രണ്ടിടത്തെയും സൂപ്രണ്ടുമാർ തമ്മിലുള്ള 'ഈഗോ' പ്രശ്നം മൂലമാണ് തടവുകാരെ മാറ്റാത്തതത്രെ.
മാനന്തവാടിയിൽ സൂപ്രണ്ടും 17 അസി. പ്രിസൺ ഓഫിസർമാരും 6 ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരുമാണുള്ളത്. അതെസമയം, വൈത്തിരിയിൽ സൂപ്രണ്ടിനെ കൂടാതെ ഏഴ് എ.പി.ഓമാരും 4 ഡി.പി.ഒമാരും ആണുള്ളത്. നാലുപേരിൽ രണ്ടുപേർ പോസിറ്റിവായതിനെ തുടർന്ന് അവധിയിലാണ്. കോവിഡ് സ്‌പെഷ്യൽ ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട 5 വിമുക്ത ഭടന്മാരുടെ സേവനവും ഇപ്പോൾ മാനന്തവാടിയിലൊതുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.