ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും
text_fieldsവൈത്തിരി: ഇടവേളക്കുശേഷം വയനാട് ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം ഉയരാൻ തുടങ്ങിയതോടെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചു. ശനിയാഴ്ചമാത്രം നിരവധി അപകടങ്ങളാണുണ്ടായത്.
രാവിലെ പത്തുമണിക്ക് ഏഴാം വളവിനു സമീപം ലോറിയും കാറും ഇടിച്ചു. തുടർന്ന് ഏതാനും സമയത്തിനുള്ളിൽ ആറാം വളവിൽ ലോറിയും കാറും ഇടിച്ചു. ഇതുകഴിഞ്ഞ ഉടനെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. അപകടങ്ങളിൽ ആർക്കും പരിക്കില്ലെങ്കിലും റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ പതിനൊന്നോടെയാണ് ആറാം വളവിനുതാഴെ ചുരം കയറുകയായിരുന്ന പ്ലൈവുഡ് കയറ്റിയ ദോസ്ത് പിക് അപ്പിനു തീപിടിച്ചത്. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. പിക് അപ്പിലെ രണ്ടുപേർക്കൊപ്പം മറ്റുവാഹനങ്ങളിലെ യാത്രക്കാർ കൂടി ചേർന്ന് പ്ലൈവുഡ് താഴെയിറക്കിയതിനാൽ ലോഡ് കത്തിയില്ല. മറ്റുവാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. മൂക്കത്തുനിന്നും കൽപറ്റയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേന തീ പൂർണമായും അണച്ചു.
ഹൈവേ പൊലീസും സ്ഥലത്തെത്തിയിരുന്നു. വാഹനങ്ങൾ കേടുവന്നതുമൂലം മൂന്നിടത്ത് ഗതാഗത തടസങ്ങളുണ്ടായി. ഒന്നാം വളവിനു താഴെ കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രി ഒമ്പതു മണിയോടടുപ്പിച്ചു വയനാട്ടിൽനിന്ന് മരത്തടി കയറ്റി ചുരം ഇറങ്ങുകയായിരുന്ന മൾട്ടി ആക്സിൽ ലോറി ഏഴാന്വളവിൽ മറിഞ്ഞുണ്ടായ ഗതാഗതകുരുക്ക് പുലർച്ച രണ്ടുവരെ നീണ്ടു. വളവിൽ രൂപപ്പെട്ട വലിയ കുഴിയിൽ വീണാണ് ലോറിമറിഞ്ഞത്. ചരിഞ്ഞുവീഴുകയായിരുന്നു ലോറിയിലുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. മരത്തടി റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പാടേ നിലച്ചു.
ചെറിയ വാഹനങ്ങൾ കടത്തിവിടാനുള്ള സൗകര്യമായെങ്കിലും പിന്നീട് അതും നിലച്ചു. അവധി ദിവസമായതിനാൽ നൂറുകണക്കിന് വാഹനങ്ങൾ കുരുക്കിൽപെട്ടു. കിലോമീറ്ററുകൾ വാഹനങ്ങളുടെ നിര നീണ്ടു. ആയിരക്കണക്കിന് യാത്രക്കാരും ദുരിതത്തിലായി.
അടിവാരത്തുനിന്നു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മരം പൂർണമായും ലോറിയിൽനിന്ന് മാറ്റിയശേഷം അർധരാത്രിയാണ് ക്രെയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. വാഹനത്തിരക്കുമൂലം ഞായറാഴ്ച പുലർച്ചെയാണ് ഗതാഗതം സാധാരണ നിലയിലായത്.
മുണ്ടക്കൈ ദുരന്തത്തിനുശേഷം സഞ്ചാരികൾ ജില്ലയിലേക്ക് യാത്ര പുനരാരംഭിക്കുന്നതിനിടക്കാണ് ഗതാഗത തടസ്സങ്ങൾ നിത്യ സംഭവമാകുന്നത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.