ബൈക്ക് യാത്രികെൻറ മരണം; ലോറി ഡ്രൈവർ പിടിയിൽ
text_fieldsവൈത്തിരി: ദേശീയപാതയിൽ പഴയ വൈത്തിരിയിൽ റോഡിനു കുറുകെ പൊട്ടിവീണ വൈദ്യുതികമ്പിയിൽ തട്ടി ബൈക്ക് യാത്രക്കാരൻ തെറിച്ചുവീണു മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും വൈത്തിരി പൊലീസ് പിടിയിൽ.
കോഴിക്കോട് കൊടുവള്ളി വാഴക്കാല കുഞ്ഞുമുഹമ്മദാണ് ലക്കിടിയിൽവെച്ച് െപാലീസിെൻറ പിടിയിലായത്. ജൂൺ ഒന്നിനാണ് അപകടം.
പഴയ വൈത്തിരിയിൽ സ്റ്റാർ ഗാരേജിനോടു ചേർന്ന ഭാഗത്തെ വൈദ്യുതിതൂൺ പുലർച്ചെ നാലരയോടെ നിയന്ത്രണംവിട്ട ലോറിയിടിച്ച് റോഡിനു കുറുകെ വീഴുകയായിരുന്നു.
ഇവ നീക്കംചെയ്യാനോ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് അപായ സൂചന നൽകാനോ തയാറാകാതെ ലോറിയുമായി ഡ്രൈവർ രക്ഷപ്പെട്ടു. പിന്നാലെ വന്ന ബൈക്ക് കമ്പിയിൽ കുരുങ്ങി പൊഴുതന സേട്ടുകുന്ന് സ്വദേശി ലിനുവാണ് (24) മരിച്ചത്.
ബംഗളൂരുവിൽ ജോലിസ്ഥലത്തേക്ക് പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പിതാവിനോടൊപ്പം പോകുകയായിരുന്നു ലിനു. പിതാവ് ബെന്നിക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
അറസ്റ്റ് വൈത്തിരി പൊലീസിന് നേട്ടം
വൈത്തിരി: വൈത്തിരി സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നിർദേശപ്രകാരം ലോറി പിടികൂടുന്നതിന് രൂപവത്കരിച്ച നാലു പേരടങ്ങിയ പ്രത്യേക ടീമിെൻറ ജാഗ്രതയാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. ഇവർ ഒരാഴ്ച നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് ലോറിയും ഡ്രൈവറും പിടിയിലാകുന്നത്.
സാഹചര്യ തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നതുമൂലം കൽപറ്റ മുതൽ താമരശ്ശേരി വരെയുള്ള വിവിധ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താണ് ലോറിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ലോറി നമ്പർ കിട്ടിയതോടെ ഉടമയുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ വിശദവിവരങ്ങൾ ശേഖരിച്ചു. പോസ്റ്റിലിടിച്ചുണ്ടായ കേടുപാടുകൾ തീർത്ത് പുതിയ ലോഡെടുക്കാൻ പോകുന്നതിനിടെയാണ് ലക്കിടിയിൽവെച്ചു ബുധനാഴ്ച വാഹനം പിടികൂടിയത്.
സിവിൽ െപാലീസ് ഓഫിസർമാരായ ദേവ്ജിത്ത്, സബിത്ത്, ടി.എച്ച്. നാസർ, വിപിൻ എന്നിവരടങ്ങിയ ടീമാണ് ലോറി പിടികൂടിയത്. കുറ്റകരമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളതെന്ന് വൈത്തിരി െപാലീസ് അറിയിച്ചു. ഇലക്ട്രിസിറ്റി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.