സിദ്ധാര്ഥന്റെ മരണം; പ്രതിഷേധം സംഘർഷഭരിതം, ലാത്തിച്ചാർജ്
text_fieldsവൈത്തിരി: വിവിധ വിദ്യാർഥി സംഘടനകൾ പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്കു നടത്തിയ മാർച്ചിൽ ദേശീയപാതയിലടക്കം വൻ സംഘർഷഭരിതമായി. ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പൊലീസുകാർക്കും എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ മുതൽ സർവകലാശാല കവാടവും പരിസരവും ജനനിബിഡമായിരുന്നു. നിരാഹാരം കിടക്കുന്ന കെ.എസ്.യു നേതാക്കൾക്ക് അഭിവാദ്യമർപ്പിക്കാനും മാർച്ചിൽ പങ്കെടുക്കാനും നൂറു കണക്കിന് വിദ്യാർഥികൾ രാവിലെ മുതൽ എത്തി. മുസ്ലിം യൂത്ത് ലീഗിന്റെ സമരസംഗമം കവാടത്തിനടുത്ത് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനു പേർ പങ്കെടുത്തു. 11.30ഓടെ എം.എസ്.എഫ് പ്രവർത്തകർ യൂനിവേഴ്സിറ്റിയിലേക്കു നടത്തിയ മാർച്ച് സെക്യൂരിറ്റി കവാടത്തിൽ പൊലീസ് തടഞ്ഞു. അകത്തുകടക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമായി.
ബാരിക്കേഡിന്റെ ഒരു ഭാഗം പ്രവർത്തകർ അടർത്തിയെടുത്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി. ഏതാനും പ്രവർത്തകർ മൃഗാശുപത്രി സമുച്ചയത്തിലേക്ക് ഓടിക്കയറി. പിന്നീട് പൊലീസ് തടഞ്ഞ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ പൊലീസിന് നേരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഈ സമയം ഫ്രറ്റേണിറ്റി പ്രവർത്തകരുടെ പ്രകടനമെത്തി. പി.എച്ച്. ലത്തീഫ്, ലബീബ് കായക്കൊടി, മുഹമ്മദ് ഷഫീക്, ഷെർബിന ഫൈസൽ, മുസിറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇരുകൂട്ടരും മുദ്രാവാക്യവുമായി സമരം നടത്തുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകരുടെ മാർച്ച് സെക്യൂരിറ്റി കവാടത്തിലെത്തിയത്. പൊലിസിനും യൂനിവേഴ്സിറ്റി അധികൃതർക്കുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായി സംഘർഷമുണ്ടായി. പെൺകുട്ടികളടക്കമുള്ള പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി. പലരും കൊടികളും കമ്പുകളും പൊലീസിനു നേരെ എറിഞ്ഞു.
എന്നാൽ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ കൂടുതൽ ശക്തിയോടെ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടി. ഇതിനിടെ മൃഗാശുപത്രി സമുച്ചയത്തിൽ കയറിയ പ്രവർത്തകർ പൊലീസുമായി തർക്കത്തിലാകുകയും എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് മർദിക്കുകയും ചെയ്തു. ഇതിനിടെ കൈ ഒടിഞ്ഞു നിലത്തുവീണ പ്രവർത്തകനെ പുറത്തേക്കു കൊണ്ടുപോകാൻ പൊലീസ് അനുവദിച്ചില്ല. ഇരുമ്പു വേലിക്കു മുകളിലൂടെയാണ് പുറത്തെത്തിച്ചത്.
തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ പൊലീസ് പല പ്രാവശ്യം ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് ഏറിൽ പരിക്കേറ്റ് നിലത്തുവീണ ഒരു പ്രവർത്തകനെ പൊലീസ് വളഞ്ഞിട്ടു തല്ലി. ലാത്തിയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരെ വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ടി. സിദ്ദീഖ് എം.എൽ.എയും കോൺഗസ്സ്-ലീഗ് നേതാക്കളും സ്ഥലത്തെത്തി. പൊലീസിന് ശക്തമായ ഭാഷയിൽ സിദ്ദീഖ് മുന്നറിയിപ്പ് നൽകി. തുടർന്ന് എം.എൽ.എയുടെ നിർദേശ പ്രകാരം സമരക്കാർ ദേശീയപാതയിലേക്ക് നീങ്ങി. പൊലീസിന്റെ ഏകപക്ഷീയമായ അക്രമത്തിൽ പ്രതിഷേധിച്ചു ദേശീയപാത 766 ഉപരോധിച്ചു. നൂറുകണക്കിന് വാഹനങ്ങൾ റോഡിനിരുവശവും കുടുങ്ങി. ഒരു മണിക്കൂറിനു ശേഷം റോഡ് ഉപരോധം പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.