വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ്: വൈത്തിരി പൊലീസ് കേസെടുത്തു
text_fieldsപഞ്ചായത്ത് സെക്രട്ടറിയും താലൂക്ക് തഹസിൽദാറും നൽകിയ പരാതിയിലാണ് കേസ്
വൈത്തിരി: പഞ്ചായത്തിൽ കെട്ടിടനിർമാണത്തിനായി അപേക്ഷയോടൊപ്പം വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ വൈത്തിരി പൊലീസ് കേസെടുത്തു.
കോഴിക്കോട് കൊടുവള്ളി ഒറ്റക്കണ്ടത്തിൽ വീട്ടിൽ അബ്ദുൽ സത്താർ, ജംഷീറ എന്നിവർക്കെതിരെ ഐ.പി.സി 465, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വൈത്തിരി താലൂക്ക് തഹസിൽദാറും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ കെ.എൽ.ആർ സമർപ്പിച്ചവർക്കെതിരെ അടിയന്തരമായി പരാതി നൽകാൻ സബ് കലക്ടർ നിർദേശം നൽകിയിരുന്നു. ഇരുവരുടെയും പേരിലാണ് ചുണ്ടേൽ വില്ലേജിൽ കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലമുള്ളത്.
തഹസിൽദാർ നൽകിയതായുള്ള കെട്ടിട നിർമാണ അനുമതിക്കുള്ള കെ.എൽ.ആർ സർട്ടിഫിക്കറ്റടക്കം രണ്ട് അപേക്ഷകളാണ് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ എത്തിയത്.
കെ.എൽ.ആർ സർട്ടിഫിക്കറ്റിൽ പതിച്ച സീലിെൻറ വലുപ്പ വ്യത്യാസവും മുൻ തഹസിൽദാറുടെ ഒപ്പിലെ വ്യത്യാസവും കണ്ടെത്തിയ സെക്രട്ടറി സൂക്ഷ്മ പരിശോധനക്കായി സർട്ടിഫിക്കറ്റ് താലൂക്ക് ഓഫിസിലേക്ക് അയച്ചു. തുടർന്നുള്ള പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
എന്നാൽ, രണ്ടാമത്തെ അപേക്ഷയിൽ തഹസിൽദാർ ഒപ്പിട്ടത് സംബന്ധിച്ച് പരിശോധന നടക്കുകയാണ്. ജില്ലയിൽ കെട്ടിട നിർമാണങ്ങൾക്ക് ചില നിയന്ത്രണങ്ങളുള്ളതിനാൽ ഇപ്പോൾ മാനന്തവാടി സബ് കലക്ടറുടെ അനുമതിയോടെ മാത്രമാണ് കെ.എൽ.ആർ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. വില്ലേജ് ഓഫിസർമാരാണ് ഈ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ എൽ.ആർ ഡെപ്യുട്ടി തഹസിൽദാറും സർട്ടിഫിക്കറ്റിൽ ഒപ്പിടാറുണ്ട്.
ചുണ്ടേലിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം സ്വദേശി നൽകിയ അപേക്ഷയോടൊപ്പം നൽകിയ കെ.എൽ.ആർ സാക്ഷ്യപത്രത്തിൽ തഹസിൽദാറാണ് ഒപ്പിട്ടത്. കെട്ടിടം നിർമിക്കാനുള്ള അനുമതി നൽകാൻ പറ്റാത്ത സ്ഥലത്തിന് തഹസിൽദാർ കെ.എൽ.ആർ നൽകാനുണ്ടായ സാഹചര്യത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. താലൂക്ക് ഓഫിസിലെ ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കും.
കലക്ടറുടെ ഉത്തരവ് പ്രകാരം ഉയർന്ന റവന്യു ജീവനക്കാർ താലൂക്ക് ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു. സംശയമുള്ള ഫയലുകളുടെ പകർപ്പ് ശേഖരിച്ചു.
വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു പഞ്ചായത്തിൽനിന്നു കൂടുതൽ നിർമാണാനുമതി നേടിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.