മത്സ്യക്കുഞ്ഞുങ്ങൾ എവിടെ?; കുളം നിർമിച്ച് കാത്തിരിക്കുകയാണ് കർഷകർ
text_fieldsവൈത്തിരി: പൂക്കോട് ഫിഷറീസ് വകുപ്പിനു കീഴിലുള്ള തളിപ്പുഴ ഹാച്ചറിയിൽ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചിട്ടും കർഷകർക്ക് മീനില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അപേക്ഷ നൽകിയ കർഷകർക്ക് കഴിഞ്ഞ എട്ടു മാസമായിട്ടും മീൻ ലഭിച്ചില്ലെന്നാണ് പരാതി.
മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ അപേക്ഷിച്ച 600ൽപരം കർഷകരാണ് മത്സ്യക്കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നത്. പൂക്കോട് ഫിഷറീസിന് കീഴിൽ കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് തളിപ്പുഴ ഹാച്ചറി നിർമിച്ചത്. ജില്ലക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനവും വിതരണവും ലക്ഷ്യമിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്.
വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയും ഇക്കാര്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു. ഹാച്ചറി തുടങ്ങിയശേഷം ഏകദേശം ആറര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ഉൽപാദിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അപേക്ഷിച്ച കർഷകരിൽ നല്ലൊരു വിഭാഗത്തിനും മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു.
എന്നാൽ, മാർച്ചിനുശേഷം ഒരു മത്സ്യക്കുഞ്ഞിനെ പോലും ഇവിടെനിന്ന് വിതരണം ചെയ്തിട്ടില്ല. കർഷകർക്ക് നൽകാതെ മത്സ്യക്കുഞ്ഞുങ്ങളെ മറിച്ചുവിറ്റെന്ന് അപേക്ഷ നൽകി കാത്തിരിക്കുന്ന കർഷകർ ആരോപിക്കുന്നു. മത്സ്യകൃഷിക്കുവേണ്ടി കുളം നിർമിച്ച് അപേക്ഷ നൽകി ഏഴുമാസമായി കാത്തിരിക്കുകയാണ് കൽപറ്റ സ്വദേശി ലിവിങ്സ്റ്റൺ. അധികൃതരെ ബന്ധപ്പെടുമ്പോഴൊക്കെ ഉടനെ തരാം എന്ന മറുപടിയാണ് ലഭിക്കുന്നത്. പടിഞ്ഞാറത്തറ സ്വദേശി മാത്യു നിരവധി തവണ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
അപേക്ഷ നൽകിയ കർഷകരിൽ പലരും നിലവിൽ അമിതവില കൊടുത്ത് സ്വകാര്യ ഫാമുകളിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയാണ് കൃഷി ചെയ്യുന്നത്. മീൻ കുഞ്ഞുങ്ങളെ എപ്പോൾ ലഭിക്കുമെന്ന് ഓഫിസിൽ വിളിച്ച് അന്വേഷിച്ച ഒരു കർഷകനോട് ജനുവരിയിൽ നൽകാമെന്നാണ് അറിയിച്ചത്. എന്നാൽ, ഡിസംബർ ആദ്യത്തോടെ മീൻ വളർത്തുന്ന സീസൺ അവസാനിക്കും. ഇപ്പോൾ തളിപ്പുഴ മീൻ വളർത്തുകേന്ദ്രത്തിൽ അലങ്കാര മത്സ്യങ്ങൾ മാത്രമാണുള്ളത്. കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് പലരും മീൻ കൃഷിക്കിറങ്ങിയത്. ഓഫിസിൽ ബന്ധപ്പെടുമ്പോൾ പലരും പലതാണ് പറയുന്നത്.
'സുഭിക്ഷ കേരളം' പദ്ധതിയുടെ കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെ അത്തരം പദ്ധതികൾക്ക് വിതരണം ചെയ്തതുമൂലമാണ് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകാൻ വൈകുന്നതെന്നും മത്സ്യ വകുപ്പ് അസി. ഡയറക്ടർ പറഞ്ഞു. കാരാപ്പുഴ ഡാമിലേക്കും മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യേണ്ടിവന്നു. അപേക്ഷിച്ച കർഷകർക്ക് ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതേ ഓഫിസിലെ മറ്റൊരു ജീവനക്കാരൻ പറഞ്ഞത് കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധി കാരണമാണ് മത്സ്യക്കുഞ്ഞുങ്ങൾക്ക് ക്ഷാമം നേരിടുന്നതെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.