വയനാട്ടിൽ അഞ്ചു വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു
text_fieldsവൈത്തിരി: ഏഴുമാസത്തെ ഇടവേളക്കുശേഷം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള അഞ്ചു വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു. ആദ്യഘട്ടത്തിൽ പൂക്കോട്, എടക്കൽ ഗുഹ, കർളാട്, കുറുവ ദ്വീപ്, പഴശ്ശി പാർക്ക് എന്നിവയാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം. ആദ്യ ദിനമായ വെള്ളിയാഴ്ച കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളെത്തി. പൂക്കോടാണ് കൂടുതൽ സഞ്ചാരികളെത്തിയത്, 196 പേർ.
എടക്കൽ ഗുഹയിൽ 50 പേരും കർളാട് തടാകത്തിൽ 32 പേരും കുറുവ ദ്വീപിൽ 20 പേരും മാവിലാംതോട് പഴശ്ശി സ്മാരകത്തിൽ 12 പേരും എത്തി. ഒരേസമയം കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂക്കോട് (100 പേർ), എടക്കൽ ഗുഹ (100), കർളാട് (100), കുറുവ ദ്വീപ് ചങ്ങാട സവാരി (50), പഴശ്ശി സ്മാരകം (150) എന്നിങ്ങനെയാണ് നിയന്ത്രണം. സജ്ജീകരണങ്ങൾ ഒരുക്കുന്നതിലും ജീവനക്കാരെ തിരികെ വിളിക്കുന്നതിലുമുണ്ടായ കാലതാമസം മൂലമാണ് വിനോദ കേന്ദ്രങ്ങൾ തുറക്കുന്നത് വൈകിയത്.
വ്യാഴാഴ്ച രാത്രി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം എടുത്തിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് ജീവനക്കാർ വിവരമറിയുന്നത്. ഇതര ജില്ലക്കാരായ വിനോദസഞ്ചാരികളാണ് എല്ലായിടത്തും എത്തിയത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഞ്ചാരികൾക്കും ജീവനക്കാർക്കും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. ബാക്കിയുള്ള കേന്ദ്രങ്ങൾകൂടി ഘട്ടംഘട്ടമായി തുറക്കുന്നതോടെ ടൂറിസം മേഖല കൂടുതൽ ഉണരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.