സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം അഭിമാനമാകും -മന്ത്രി കെ. രാധാകൃഷ്ണന്
text_fieldsവൈത്തിരി: തദ്ദേശീയ സ്വാതന്ത്ര്യസമര സേനാനികളുടെയും നാടിന്റെയും അഭിമാനമായി ഗോത്രവര്‍ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്. സുഗന്ധഗിരി ടി.ആര്.ഡി.എം പുനരധിവാസ ഭൂമിയില്‍ ഗോത്രവര്‍ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി മ്യൂസിയം വളരണം. ഭാവിയില്‍ മ്യൂസിയം കൽപിത സർവകലാശാലയായി മാറ്റാന്‍ കഴിയുമോയെന്ന് പരിശോധിക്കും. ഗോത്ര പാരമ്പര്യ കലകള്‍, വാമൊഴി അറിവുകള്‍, തനത് ഭക്ഷ്യ അറിവുകള്‍, നൈപുണ്യ വൈദഗ്ധ്യം എന്നിവ പരിപോഷിപ്പിക്കാനും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നിവയില്‍ ഊന്നിയ പ്രവര്‍ത്തനോന്മുഖ ഗവേഷണ മേഖലയിലും സമുദായ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനും മ്യൂസിയത്തിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയത്തിന്റെ ആദ്യഘട്ട നിർമാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മ്യൂസിയം മാതൃകരൂപത്തിന്റെ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ചേവായൂരുള്ള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിര്‍ത്താഡ്സ്) കീഴില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെയാണ് മ്യൂസിയം പദ്ധതി നടപ്പിലാക്കുക. വൈത്തിരിയിലെ സുഗന്ധഗിരിയില്‍ 20 ഏക്കര്‍ ഭൂമിയില്‍ നിർമിക്കുന്ന മ്യൂസിയത്തിന്റെ നിർമാണ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിക്കാണ്.
16.66 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുക. പഴശ്ശി കലാപ ചരിത്രത്തില്‍ പഴശ്ശി രാജയോടൊപ്പം പടനയിച്ച തലക്കല്‍ ചന്തുവടക്കുമുള്ള ഗോത്ര സേനാനികള്‍ വിശദമായ ചരിത്രമാണ് മ്യൂസിയത്തില്‍ ഇടം പിടിക്കുന്നത്. മ്യൂസിയം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ക്യൂറേറ്റര്‍ ഉള്‍പ്പെടെ എല്ലാ തൊഴിലവസരങ്ങളും പട്ടികവര്‍ഗക്കാര്‍ക്കായി മാറ്റിവെയ്ക്കും.
ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. ഒ.ആര്. കേളു എം.എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ജില്ല പഞ്ചായത്ത് മെംബര്‍ എന്‍.സി. പ്രസാദ്, പൊഴുതന ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ കെ. ഗീത, തുഷാര സുരേഷ്, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി.ആര്. മേഘശ്രീ, കിര്‍ത്താഡ്സ് ഡയറക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.