വയനാടെന്താ കുപ്പത്തൊട്ടിയോ?
text_fieldsവൈത്തിരി: ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ആസ്വാദനങ്ങൾക്കപ്പുറം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനുമാണ് സഞ്ചാരികൾ കൂട്ടമായി ജില്ലയിലെത്തുന്നത്.
വിഷു, ബലിപെരുന്നാൾ അവധികൾക്കുശേഷം ജില്ലയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. പല വാരാന്ത്യങ്ങളിലും ജില്ലയിൽ താമസിക്കാൻ ഒരു മുറിപോലും ലഭ്യമല്ലാത്ത അവസ്ഥയുണ്ടാവാറുണ്ട്. പലരും ബസ്ഷെൽട്ടറുകളിലും സ്വന്തം വാഹനങ്ങളിലും കിടന്നുറങ്ങി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചുരത്തിലൂടെ വലിയ ചരക്കുലോറികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും മിക്ക ദിവസങ്ങളിലും വയനാട് ചുരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനവും പതിവാണ്. ജില്ലയിൽ മാത്രമല്ല, തൊട്ടടുത്ത നീലഗിരിയിലും ഇതുതന്നെയായിരുന്നു അവസ്ഥ.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലീൻ വൈത്തിരി പദ്ധതിയുമായി പഞ്ചായത്ത് പരിധിയിലൂടെ പോകുന്ന ദേശീയപാതക്ക് ഇരുവശത്തുനിന്നും മാത്രം 1600ഓളം ചാക്ക് മാലിന്യങ്ങളാണ് പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവർത്തകരും ശേഖരിച്ച് നശിപ്പിച്ചത്. ഈ മാലിന്യങ്ങളത്രയും വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളാണ് നിക്ഷേപിക്കുന്നത്.
ഇൗയടുത്തായി സഞ്ചാരികളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത വർധിച്ചിട്ടുമുണ്ട്.റോഡരികിലും ഒഴിഞ്ഞ കെട്ടിടങ്ങൾക്ക് മുന്നിലും മരച്ചുവടുകളിലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
എവിടെ നോക്കിയാലും മാലിന്യം
സഞ്ചാരികൾ ഭക്ഷണം പാകം ചെയ്തു കൊണ്ടുവരുകയും കൂട്ടമായി ഒരിടത്തിരുന്ന് കഴിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇതിനായി ഇവർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് േപ്ലറ്റുകളും ഗ്ലാസുകളും അലക്ഷ്യമായി വലിച്ചെറിയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ചുരം ഭാഗങ്ങളിലും മാലിന്യമയമാണ്. ലക്കിടി കവാടം കഴിഞ്ഞാൽ ജില്ലയിലേക്കുള്ള എല്ലാ റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിറച്ചുവെച്ചിരിക്കുകയാണ്.
മാലിന്യം തള്ളരുതെന്ന് നിർദേശിക്കുന്നവരോട് സഞ്ചാരികൾ കയർത്ത് സംസാരിക്കുന്ന സംഭവങ്ങളുമുണ്ട്. പൂക്കോട് സർവകലാശാല കവാടത്തിനും തളിപ്പുഴക്കും ഇടയിലുള്ള റോഡരികുകളിലും മാലിന്യം നിറഞ്ഞിട്ടുണ്ട്. ദേശീയപാതക്ക് സമാന്തരമായി ഒഴുകുന്ന തളിപ്പുഴയുടെ തീരങ്ങളിൽപോലും മാലിന്യം ചാക്കുകളിലാക്കി തള്ളുന്നു. റോഡിനോട് തൊട്ടുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകളും ഇപ്പോൾ മാലിന്യനിക്ഷേപ കേന്ദ്രമാണ്.
വിഫലമാവുന്ന ശുചീകരണം
ആഴ്ചകൾതോറും സന്നദ്ധ സംഘടനകൾ ചുരത്തിലടക്കം പലയിടത്തും മാലിന്യ നിർമാർജനവും ശുചീകരണവും നടത്തുന്നുണ്ട്. എന്നാൽ, മാലിന്യം നീക്കംചെയ്തു മണിക്കൂറുകൾ കഴിയുമ്പോഴേക്കും വീണ്ടും മാലിന്യം നിറയും. ജില്ലയിലെ മിക്ക പഞ്ചായത്തുകളും ക്ലീൻ പദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവനം നടത്തി മാലിന്യം നീക്കം ചെയ്തിരുന്നു. വൈത്തിരി പഞ്ചായത്ത് ഫെബ്രുവരിയിൽ ദേശീയ പാതയുടെ ഇരുവശത്തുനിന്നും മാത്രമായി ശേഖരിച്ചത് 1600 ഓളം ചാക്കുകളായിരുന്നു. മൂന്നു മാസം കഴിഞ്ഞ് ഇപ്പോൾ ഇതേസ്ഥലത്ത് വീണ്ടും പെറുക്കുകയാണെങ്കിൽ 3000 ചാക്ക് മാലിന്യമെങ്കിലും ലഭിക്കും.
സഞ്ചാരികൾക്ക് സൗകര്യമൊരുക്കണം
സഞ്ചാരികൾക്കു ഭക്ഷണം കഴിക്കാൻ ഓരോ പഞ്ചായത്തിലും ഒഴിഞ്ഞ സ്ഥലങ്ങളിൽ ബസുകൾ നിറുത്തി ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഒരുക്കലാണ് മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള പ്രധാന മാർഗം. ഇതിനായി നിശ്ചിത ഫീസും ഈടാക്കാം.
അധികൃതരുടെ അലംഭാവം സൗകര്യമാക്കി സഞ്ചാരികൾ
അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് സഞ്ചാരികൾ ജില്ലയോട് ക്രൂരതകാട്ടുന്നതിന് കാരണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കാത്തത് മാലിന്യം തള്ളുന്നതിന് കാരണമാകുന്നു. ഒരു ട്രാവലറിൽനിന്ന് മാലിന്യം റോഡരികിൽ വലിച്ചെറിഞ്ഞത് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് പിടികൂടി തിരികെ എടുപ്പിച്ചിരുന്നു. ഇത്തരം നടപടികളും നിരീക്ഷണവും ബോധവത്കരണവും കർശനമാക്കി എല്ലാ ദിവസവും പ്രാവർത്തികമാക്കിയാൽ മാത്രമേ വയനാട് കുപ്പത്തൊട്ടിയാവുന്നതിന് മാറ്റമുണ്ടാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.