ലക്കിടി വളവിൽ കനത്ത മണ്ണിടിച്ചിൽ; ഗതാഗതത്തിന് ഭീഷണി
text_fieldsവൈത്തിരി: ദേശീയപാതയിൽ പൂക്കോട് വെറ്ററിനറി സർവകലാശാലക്കു സമീപം ലക്കിടി വളവിൽ മണ്ണിടിച്ചിൽ. റോഡ് നവീകരണത്തിെൻറ ഭാഗമായി സുരക്ഷ ഭിത്തിയുടെ നിർമാണം നടക്കുന്നതിനിടെയാണ് അപകടം. മുകളിൽ നിന്നു കനത്ത തോതിൽ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുകയായിരുന്നു. ഇനിയും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ വാഹന ഗതാഗതത്തിന് ഭീഷണിയാണ്. മീറ്ററുകൾ നീളത്തിലാണ് 50 അടിയോളം ഉയരത്തിൽ നിന്നു മണ്ണും കല്ലും റോഡിലേക്കു പതിക്കുന്നത്.
നിരവധി മരങ്ങളും താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. ദേശീയപാതയിൽ ഒരു വശത്തുകൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. തൊട്ടു മുകളിലുള്ള കെട്ടിടങ്ങൾക്കും മണ്ണിടിച്ചിൽ ഭീഷണിയായിട്ടുണ്ട്. 2018ലെ പ്രളയത്തിലാണ് ലക്കിടി വളവിൽ ആദ്യമായി മണ്ണിടിച്ചിലുണ്ടായത്. പിന്നാലെ അധികൃതരുടെ ഒത്താശയോടെ ചിലർ അനധികൃതമായി ഉയരത്തിൽനിന്നു മണ്ണ് നീക്കം ചെയ്തിരുന്നു. വിവാദമായതോടെ പൊലീസും നാട്ടുകാരും ചേർന്ന് ഇത് തടഞ്ഞു. ഇടിഞ്ഞ മണ്ണ് നീക്കാൻ കാലതാമസമെടുത്തത് നിരവധി വാഹനാപകടങ്ങൾക്ക് ഇടയാക്കി.
ഇതിനിടെ പലതവണകളായി ഇവിടെ മണ്ണിടിഞ്ഞിരുന്നു. ദേശീയപാത നവീകരണത്തിെൻറ ഭാഗമായി വളവിൽ കുമിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്തിരുന്നു. 80 മീറ്റർ നീളത്തിലും ആറ് മീറ്റർ ഉയരത്തിലും സുരക്ഷഭിത്തി നിർമിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. സുരക്ഷ ഭിത്തിക്കായി നിർമിച്ച കോൺക്രീറ്റിനു മുകളിലും കനത്ത തോതിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.