സൗകര്യങ്ങൾ ഒരുക്കാതെ ടൂറിസം കേന്ദ്രങ്ങളിൽ ചാർജ് വർധന
text_fieldsവൈത്തിരി: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) നടപ്പാക്കുന്ന ചാർജ് വർധനക്കെതിരെ വിമർശനമുയരുന്നു. ഡി.ടി.പി.സിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുംതന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ഒറ്റയടിക്ക് ചാർജ് വർധിപ്പിച്ചത്.
നവീകരിക്കാതെയും ആവശ്യമായ സൗകര്യങ്ങളൊരുക്കാതെയും ചാർജ് വർധിപ്പിച്ചത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എല്ലാ കേന്ദ്രങ്ങളിലും പ്രവേശന ഫീസ് ശരാശരി പത്തു രൂപ കൂട്ടിയിട്ടുണ്ട്. പലയിടത്തും ഇപ്പോൾ കുട്ടികളുടെ പ്രവേശന ഫീസ് 30 രൂപയാണ്. പ്രായമായവർക്ക് 40 രൂപയും. ബോട്ടിങ്ങിനും മറ്റും കനത്ത തോതിലാണ് കൂട്ടിയിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് ടൂറിസം ഫീസുകൾ കുറവാണ്. പൂക്കോട് പോലെ ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള കേന്ദ്രങ്ങളിൽ മഴ പെയ്താൽ കയറിയിരിക്കാൻപോലും ഇടമില്ല. പ്രഥമ ശുശ്രൂഷാ സംവിധാനമോ ആംബുലൻസ് സർവിസോ ഇല്ല. ആരോഗ്യ പ്രവർത്തകരുടെ സേവനവും ഇവിടങ്ങളിലില്ല.ചെലവുകൾ വർധിച്ചതോടൊപ്പം ജീവനക്കാരുടെ വേതനരംഗത്തും വർധനയുണ്ടായിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് നിരക്ക് വർധിപ്പിച്ചതെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്.
എന്നാൽ, രണ്ടുവർഷം മുമ്പുള്ള ശമ്പള കമീഷൻ പ്രകാരമാണ് ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വേതനത്തിൽ അടുത്ത കാലത്തൊന്നും വർധനയുണ്ടായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. ഡി.ടി.പി.സിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വരുമാനം ട്രഷറികളിലടക്കുകയും ശമ്പളം ട്രഷറി വഴി ആക്കുകയുമാണെങ്കിൽ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് ജീവനക്കാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.