വൈത്തിരി താലൂക്ക് ആശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
text_fieldsവൈത്തിരി: മെഡിക്കൽ കോളജുകളിലും സ്പെഷാലിറ്റി ആശുപത്രികളിലും ചെയ്തുവരുന്ന മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും പി.ആർ.പി ചികിത്സയും വൈത്തിരി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയിലും വിജയകരമായി നടത്തി. മുട്ട് തേയ്മാനത്തിന്റെ ശാശ്വത ചികിത്സക്കായുള്ള മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്.
ഏറെ നാളായി മുട്ടുവേദന കൊണ്ട് ദുരിതമനുഭവിക്കുന്ന വൈത്തിരി സ്വദേശിയായ 64കാരനാണ് ശസ്ത്രക്രിയ നടത്തിയത്. താലൂക്ക് ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയ അപൂർവമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു.
എല്ല് തേയ്മാനത്തിന്റെ ആദ്യഘട്ടങ്ങളിൽ മുട്ടുവേദന ശസ്ത്രക്രിയ കൂടാതെ ഫലപ്രദമായി ചികിത്സിക്കാനുള്ള പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ (പി.ആർ.പി) തെറാപ്പി ഈ ആശുപത്രിയിൽ പുതുതായി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ചുരുക്കം സർക്കാർ ആശുപത്രികളിൽ മാത്രമാണ് നിലവിൽ പി.ആർ.പി ചികിത്സ നടക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഭാരിച്ച ചെലവ് വരുന്ന ചികിത്സകളാണ് കുറഞ്ഞ നിരക്കിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചെയ്യുന്നത്.
അസ്ഥിരോഗ വിഭാഗം ഡോക്ടർമാരായ കെ. രാജഗോപാലൻ, നിഖിൽ നാരായണൻ, ഐവിൻ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ സക്കീർ ഹുസൈൻ, സ്വാതി സുദൻ, തിയറ്റർ ഇൻ ചാർജ് റംല, നഴ്സിങ് ഓഫിസർ മിനു ദേവസ്യ, ഒ.ടി ടെക്നീഷ്യൻ അഞ്ജലി, അഭിജിത്ത്, നഴ്സിങ് അസിസ്റ്റന്റ് സന്തോഷ്, ബിന്ദു എന്നിവർ അടങ്ങുന്ന ടീമാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. ശത്രക്രിയ നടത്തിയ ടീമംഗങ്ങളെ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ആശുപത്രിയുടെ വികസനം സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന വിധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. അസ്മ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, അയിഷാബി, ഫൗസിയ, ബ്ലോക്ക് മെംബർമാരായ ഉഷാകുമാരി, എൽസി ജോർജ്, എച്ച്.എം.സി മെംബർമാരായ വർഗീസ്, ചിത്രകുമാർ, നാസർ, ഡി.എം.ഒ ഡോ. ദിനീഷ്, ഡി.പി.എം. ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ, നഴ്സിങ് സൂപ്രണ്ട് ആനിയമ്മ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.