ലക്കിടി വളവിലെ മണ്ണ് നീക്കിയില്ല: ദേശീയപാതയിൽ ഭീഷണി
text_fieldsവൈത്തിരി: ദേശീയപാതയിൽ ലക്കിടി വളവിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കാത്തത് ഭീഷണിയാകുന്നു. ഉയരത്തിൽ നിന്നു കല്ലും മണ്ണും താഴെ റോഡിലേക്ക് പതിച്ചു കൂമ്പാരമായത് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ പ്രയാസമാകുകയാണ്. കല്ലും മണ്ണും ഇടിഞ്ഞുവീണതിനെ തുടർന്ന് റോഡിനു നടുവിലൂടെ വീപ്പക്കുറ്റികൾ നിരത്തിവെച്ചതിനാൽ വളവിൽ അപകടസാധ്യതയും കൂടുതലാണ്.
2018ലെ പ്രളയത്തിൽ ഉയരത്തിൽനിന്ന് വൻതോതിൽ കല്ലും മണ്ണും റോഡിലേക്കു പതിച്ചിരുന്നു. റോഡ് നവീകരണത്തിെൻറ ഭാഗമായി ഇവിടത്തെ മണ്ണ് മാറ്റി ഭിത്തി നിർമിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണ് ഇടിയുകയായിരുന്നു. അടുത്തിടെ പെയ്ത മഴയിലും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇതിനിടെ റോഡിലേക്ക് വീണ മണ്ണെടുക്കാനെന്ന വ്യാജേന ചില സ്വകാര്യ വ്യക്തികൾ ദേശീയ പാത അധികൃതരുടെ അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉയരത്തിൽനിന്ന് അപകടകരമാംവിധം മണ്ണ് വിൽപനക്കായി നീക്കംചെയ്തത് കൂടുതൽ ഭീഷണിയായി. മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു പണം വാങ്ങി കൊണ്ടുപോയി ഇടുന്നു എന്ന ആരോപണവുമായി വാർഡ് മെംബറടക്കം രംഗത്തുവരുകയും പണി തടസ്സപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ, മഴയിൽ റോഡിലേക്ക് മണ്ണും വലിയ കല്ലുകളും പതിക്കാൻ തുടങ്ങിയതോടെ റോഡിൽ ടാർവീപ്പകൾ നിരത്തിവെച്ച നിലയിലാണ്. അതേസമയം, റോഡിെൻറ ഇടിഞ്ഞ വശത്ത് സുരക്ഷഭിത്തി നിർമിക്കാനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ദേശീയപാത എൻജിനീയർ പറഞ്ഞു. ഇവിടെ നിന്നു നീക്കംചെയ്യുന്ന മണ്ണ് മാറ്റിയിടുന്നതിനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാലാണ് പ്രവൃത്തി വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.