'ലൈഫ്' ഇല്ലാതെ ലൈഫ് വീടുകൾ
text_fieldsവൈത്തിരി: തളിപ്പുഴ പൂക്കോട്കുന്നിൽ ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകളിൽ ഗുണഭോക്താക്കൾ താമസം തുടങ്ങുന്നതിന് മുമ്പുതന്നെ ചോർന്നൊലിക്കുന്നു. 2019 ജൂണിൽ പ്രവൃത്തി ആരംഭിച്ചെങ്കിലും 29 വീടുകളിൽ ഏഴെണ്ണം ഇപ്പോഴും പാതിവഴിയിലാണ്.
പൂർത്തിയായ വീടുകൾക്ക് വൈദ്യുതിയും വെള്ളവുമില്ലാത്തതും പഞ്ചായത്തിെൻറ നമ്പർ ലഭിക്കാത്തതുമാണ് താമസം തുടങ്ങാൻ തടസ്സം. ലൈഫ് മിഷനിൽനിന്നുള്ള നാല് ലക്ഷവും ആദിവാസി പുനരധിവാസ, വികസനപദ്ധതിയിലെ രണ്ടു ലക്ഷവും ചേർത്തുള്ള ആറ് ലക്ഷത്തിെൻറ വീടുകളാണിവ. ലൈഫ് വീടുകൾ പൊതുവെ നിർമിതികേന്ദ്രയാണ് കരാറെടുത്ത് നിർമിച്ചുനൽകാറുള്ളത്. എന്നാൽ, ട്രൈബൽ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരുടെ താൽപര്യത്തിനുവഴങ്ങി ഈ കോളനിയിലെ വീട് നിർമാണകരാർ വായനാട്ടുകാരായ രണ്ടു സ്വകാര്യ വ്യക്തികൾക്ക് നൽകിയെന്ന ആക്ഷേപമുണ്ട്.
പൂർത്തീകരിച്ച വീടുകളിൽ മൂന്നെണ്ണത്തിൽ ഇപ്പോൾ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. രണ്ടു വീടുകളിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. കുടുംബങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് അടിയന്തരമായി കണക്ഷൻ എടുത്തത്. പൊഴുതനയിലെ മുത്താറിക്കുന്ന്, ചുണ്ടയിലെ ചെമ്പട്ടി, ശ്രീപുരം കോളനികളിലുള്ളവരാണ് പൂക്കോട്കുന്നിലേക്ക് മാറേണ്ടത്. മുത്താറിക്കുന്ന് കോളനിയിലുള്ളവർ ൈകയേറ്റ ഭൂമിയിലെ ചെറിയ കുടിലുകളിലാണ് നിലവിൽ കഴിയുന്നത്.
പുതിയ വീടുകൾ ശോച്യാവസ്ഥയിലായതോടെ തങ്ങളുടെ ദുരിതം എന്ന് അവസാനിക്കുമെന്ന് അറിയാത്ത ആശങ്കയിലാണിവർ. ആൾത്താമസമില്ലാത്തതിനാൽ പല വീടുകളിലും കാടുകയറി.1998ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ വീടില്ലാത്ത ആദിവാസികൾക്ക് ഒരേക്കർ ഭൂമിയും വീടും പദ്ധതിയിലുൾപ്പെടുത്തി പൂക്കോട്കുന്നിൽ 32 കുടുംബങ്ങൾക്ക് വീടിന് അനുമതിയായിരുന്നു. സ്ഥലം കണ്ടെത്തി ഫണ്ട് വകയിരുത്തി.
പിന്നീട് വന്ന നായനാർ സർക്കാറിെൻറ കാലത്ത് എറണാകുളത്തെ സ്വകാര്യ നിർമാണ കമ്പനിക്ക് കരാർ നൽകി. 32ൽ നാല് വീടുകൾ മാത്രമാണ് അന്ന് പൂർത്തീകരിച്ചത്. അതിൽ ഒരെണ്ണം താമസിക്കാനാകാത്തവിധം ചോർന്നൊലിച്ചു.
ബാക്കി വീടുകൾ ഭൂരിഭാഗവും തറയിലൊതുക്കി. മറ്റുള്ളവ അരച്ചുമരിലും. ആദിവാസി കുടുംബങ്ങൾ നിരവധിതവണ നിവേദനങ്ങൾ നൽകിയെങ്കിലും കരാറുകാർ മുഴുവൻ വീടുകളുടെയും അനുവദിച്ച തുക കൈപ്പറ്റി സ്ഥലംവിടുകയായിരുന്നു. ഈ തറകൾ നിൽക്കുന്ന സ്ഥലത്താണ് പുതുതായി ഇപ്പോൾ ലൈഫ് മിഷൻ വീടുകൾ ഉയർന്നത്.
വീടുകളുടെ നിർമാണത്തിനുള്ള തുക അഞ്ചു പ്രാവശ്യമായി ഗുണഭോക്താക്കളായ ആദിവാസികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. ഇവ പിൻവലിച്ച് കരാറുകാരെ ഏൽപിക്കുകയാണ് പതിവ്. ഇത് കരാറുകാർക്ക് തട്ടിപ്പിന് വേദിയൊരുക്കുന്നു. എന്ത് പരാതിയുണ്ടായാലും ഗുണഭോക്താക്കളായ ആദിവാസികളുടെ തലയിൽ കെട്ടിവെച്ച് കരാറുകാരും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കൈയൊഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.